പൊറത്തൂച്ചിറ ഇഫക്ട്; നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മോക്കോ കഫേയ്ക്ക് 25000 രൂപ പിഴ ; പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ

പൊറത്തൂച്ചിറ ഇഫക്ട്; നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മോക്കോ കഫേയ്ക്ക് 25000 രൂപ പിഴ ; പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ

ഇരിങ്ങാലക്കുട : ജലാശയമായ പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നടപടികൾ തുടരുന്നു. പൊതു കാനയിലേക്ക് മലിനജലം ഒഴുക്കി വിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ആൽത്തറയ്ക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന ” മോക്കോ കഫേ ” എന്ന കോഫി ഷോപ്പിന് നഗരസഭ ആരോഗ്യ വിഭാഗം 25000 രൂപ പിഴ ചുമത്തി. സ്ഥാപന ഉടമ മതിലകം പുഴങ്കര ഇല്ലത്ത് അബ്ദുൾജബാറിന് ഇത് സംബന്ധിച്ച നോട്ടീസ് നൽകി . പൊറത്തൂച്ചിറയെ മലിനമാക്കിയ വിഷയവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ മലിനജല സംസ്കരണ സംവിധാനങ്ങൾ ആരോഗ്യ വിഭാഗം പരിശോധിച്ച് വരികയാണ്. ഇതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മോക്കോ കഫേയുടെ നിയമ ലംഘനം കണ്ടെത്തിയത്. നേരത്തെ താത്ക്കാലിക ലൈസൻസ് ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ലൈസൻസ് ഇല്ലാതെയാണ് നഗരഹൃദയത്തിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ നഗരസഭ അധികൃതർ അടപ്പിച്ച സ്ഥാപനം രണ്ട് ദിവസത്തിനുള്ളിൽ തന്നെ തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്രവൈസർ എസ് ബേബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന സംഘത്തിൽ ഉദ്യോഗസ്ഥരായ അനൂപ് കുമാർ, നജ്മ എൻ എച്ച് എന്നിവരും ഉണ്ടായിരുന്നു.

Please follow and like us: