ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു.

തൃശ്ശൂർ : മലയാളി നെഞ്ചോട് ചേർത്ത ഭാവഗാനങ്ങൾ സമ്മാനിച്ച പി ജയചന്ദ്രൻ വിടവാങ്ങി . 80 വയസ്സായിരുന്നു. വൈകീട്ട് എഴ് മണിക്ക് പൂങ്കുന്നത്തെ വസതിയിൽ കുഴഞ്ഞ വീണ ജയചന്ദ്രനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികിൽസയിലായിരുന്നു.

1944 മാർച്ച് 3 ന് രവിവർമ്മ കൊച്ചനിയൻ്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളത്തെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബത്തോടൊപ്പം ഇരിങ്ങാലക്കുടയിലേക്ക് താമസം മാറി. ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ, ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലം മുതൽ കലാരംഗത്ത് സജീവമായിരുന്നു. 1958 ൽ ആദ്യത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൃദംഗത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. തുടർന്നുള്ള കലോൽസവങ്ങളിൽ ലളിത ഗാനം, സമൂഹ ഗാനം എന്നിവയിലും വിജയിയായി. അധ്യാപകനായ കെ വി രാമനാഥൻ മാസ്റ്ററാണ് ജയചന്ദ്രൻ്റെ കലാജീവിതത്തിന് വഴികാട്ടിയായത്. ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദമെടുത്ത് ഉദ്യോഗാർത്ഥം മദ്രാസിൽ എത്തിയ ജയചന്ദ്രൻ ഒരു ഗാനമേളയിൽ പാടുമ്പോൾ നിർമ്മാതാവ് ശോഭന പരമേശ്വരൻ നായരുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേത്തിൻ്റെ നിർദ്ദേശ പ്രകാരം എം ബി ശ്രീനിവാസൻ എന്ന സംഗീത സംവിധായകൻ കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു. ബി എ ചിദംബരനാഥ് സംഗീത സംവിധാനം നിർവഹിച്ച കളിത്തോഴൻ എന്ന ചിത്രമാണ് ആദ്യം പുറത്ത് വന്നത്. ” മഞ്ഞലയിൽ മുങ്ങിത്തോർത്തി ” എന്നാരംഭിക്കുന്ന ഗാനം മലയാളികൾ എറ്റെടുത്തതോടെ ജയചന്ദ്രനും യേശുദാസിനോടൊപ്പം ചലച്ചിത്രഗാനരത്ത് തിരക്കുള്ള പിന്നണി ഗായകനായി മാറി. 1972 ൽ പണിതീരാത്ത വീട് എന്ന ചിത്രത്തിലെ സുപ്രഭാതം എന്ന ഗാനത്തിന് ആദ്യമായി സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985 ൽ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര എന്നാരംഭിക്കുന്ന ഗാനത്തിന് ദേശീയ പുരസ്കാരവും നേടി. അഞ്ച് തവണ സംസ്ഥാന അവാർഡ് നേടിയ ജയചന്ദ്രൻ ജെ സി ഡാനിയൽ പുരസ്കാരവും നേടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ജയചന്ദ്രന് 1994 ൽ തമിഴ്നാട് സർക്കാരിൻ്റെ കലൈമാമണി പുരസ്കാരം , 2001 ലെ സ്വരലയ യേശുദാസ് പുരസ്കാരം എന്നിവയും ലഭിച്ചു. അഞ്ച് പതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് സുന്ദരഗാനങ്ങൾ നൽകിയാണ് പ്രിയ ഗായകൻ വിട പറയുന്നത്. ലളിതയാണ് ഭാര്യ. ലക്ഷ്മി, ദിനനാഥ് എന്നിവർ മക്കളാണ്

Please follow and like us: