പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നം; പട്ടണത്തിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി; കേഫ് ഡിലൈറ്റിന് പതിനായിരം രൂപ പിഴ ; കാട്ടൂർ റോഡിലെ സ്ഥാപനങ്ങൾക്ക് നോട്ടീസ്
ഇരിങ്ങാലക്കുട :പൊറത്തിശ്ശേരി പ്രദേശത്തെ ജലാശയമായ പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ടൗൺ പ്രദേശത്തെയും കാട്ടൂർ റോഡിലെയും സ്ഥാപനങ്ങൾക്കെതിരെ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നടപടി. മലിനജലം തുറന്ന് വിട്ടതായി കണ്ടെത്തിയ എക്സൈസ് ഓഫീസിന് അടുത്ത് പ്രവർത്തിക്കുന്ന കേഫ് ഡിലൈറ്റിന് അധികൃതർ പതിനായിരം രൂപ പിഴ ചുമത്തി. കേഫ് ഡിലൈറ്റിന് എതിർവശത്തായി പ്രവർത്തിക്കുന്ന മാ കഫേ,കാട്ടൂർ റോഡിൽ പ്രവർത്തിക്കുന്ന അവറാൻ സർവീസ് സ്റ്റേഷൻ, സ്റ്റാർ ബെൻസ് ഓട്ടോമൊബൈൽസ് , കെട്ടിട ഉടമകളായ ജയൻ , ഗോപിനാഥൻ എന്നിവർക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി പത്തോളം സ്ഥാപനങ്ങളിലായിട്ടാണ് നടത്തിയ പരിശോധന നടത്തിയത്. പൊറത്തുച്ചിറയിൽ കക്കൂസ് മാലിന്യങ്ങളടക്കം തള്ളിയതായി ആരോപണമുയരുകയും നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളിൽ നിന്നും വിമർശനമുയരുകയും ചെയ്തതോടെയാണ് അധികൃതർ നടപടികളിലേക്ക് കടന്നത്. വരും ദിവസങ്ങളിലും സ്ഥാപനങ്ങളുടെ മുന്നിലുള്ള സ്ലാബുകൾ ഉയർത്തി പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഹെൽത്ത് സൂപ്രവൈസർ എസ് ബേബി, ഉദ്യോഗസ്ഥരായ അനൂപ്, പ്രസീജ, അജു എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.