നീഡ്സിൻ്റെ നേതൃത്വത്തിൽ ജനുവരി 17 ന് അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും
ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ അനുസ്മരണാർത്ഥം ജനുവരി 17 ന് നീഡ്സിൻ്റെ നേതൃത്വത്തിൽ അനുസ്മരണ പദയാത്രയും ഗാന്ധിസ്മൃതി സംഗമവും നടത്തുന്നു. 1934 ജനുവരി 17 ന് ഗാന്ധിജി പങ്കെടുത്ത ചെളിയംപാടം വേദിയിൽ നിന്നും വിശ്രമിച്ച ഇപ്പോഴത്തെ പിഡബ്ല്യു റെസ്റ്റ് ഹൗസിലേക്കാണ് പദയാത്രയെന്ന് നീഡ്സ് പ്രസിഡണ്ട് അഡ്വ തോമസ് ഉണ്ണിയാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് നടക്കുന്ന ഗാന്ധിസ്മൃതി സംഗമത്തിൽ ഗാന്ധിയൻ ഡോ പി വി കൃഷ്ണൻനായർ ഗാന്ധി സന്ദേശം നൽകും. ഗാന്ധിയൻ ദർശനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ചും ഗാന്ധി സന്ദർശനത്തിൻ്റെ സ്മരണകൾ ഉണർത്തുന്നതിനും വേണ്ടിയാണ് മഹാത്മാ പാദമുദ്ര @ 91 സംഘടിപ്പിക്കുന്നത്. നീഡ്സ് വൈസ് പ്രസിഡന്റ് പ്രൊഫ ആർ ജയറാം, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഗുലാം മുഹമ്മദ്, സെക്രട്ടറിമാരായ ബോബി ജോസ്, കെ പി ദേവദാസ് , ട്രഷറർ ആശാലത എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.