ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം; ഹാളിലെ ഫർണീച്ചർ
ഉൾപ്പെടെ എല്ലാം കത്തി നശിച്ചു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം. പ്രഭ സൗണ്ട് ആൻ്റ് ഇലക്ട്രിക്കൽസ് ഉടമ അമ്പാടി ജയൻ്റെ വീട്ടിൽ രാവിലെ എഴ് മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇതേ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പൂജാമുറിയിൽ വിളക്ക് കൊളുത്തി വച്ചതിന് ശേഷം ക്ഷേത്രത്തിൽ താൻ തൊഴാൻ പോയിരിക്കുകയായിരുന്നുവെന്നും വീട്ടിൽ നിന്നും പുക ഉയരുന്നതായി കണ്ടവർ വിളിച്ചപ്പോൾ തിരിച്ച് എത്തുകയായിരുന്നുവെന്നും ജയൻ പറഞ്ഞു. മറ്റ് കുടുംബാംഗങ്ങൾ കഴിഞ്ഞ ആഴ്ച ബാംഗ്ളൂർ പോയിരിക്കുകയായിരുന്നു.വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ഇരിങ്ങാലക്കുടയിൽ നിന്നുള്ള ഫയർ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് തീയണച്ചത്. താഴത്തെ ഹാളിലുള്ള ഫർണിച്ചർ , ഷെൽഫുകൾ, ടിവി , ഇൻവെർട്ടർ അടക്കമുള്ള എല്ലാം കത്തി നശിച്ചിട്ടുണ്ട്. വീടിൻ്റെ സീലിംഗിനും ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിളക്കിൽ നിന്ന് തീ പടർന്നതാണ് അപകടകാരണമെന്ന് ഫയർ സ്റ്റേഷൻ അധികൃതർ പറഞ്ഞു. ഇരുപത് മിനിറ്റ് നേരത്തെ ശ്രമഫലമായിട്ടാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ എസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.