പുതുവത്സരാഘോഷം; ഇരിങ്ങാലക്കുട മേഖലയില്‍ 72 കേസുകള്‍;അവിട്ടത്തൂരില്‍ പഞ്ചായത്ത് മെമ്പർക്ക് മര്‍ദ്ദനമേറ്റു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
ഇരിങ്ങാലക്കുട: പുതുവത്സര തലേന്ന് ഇരിങ്ങാലക്കുട, കാട്ടൂര്‍, ആളൂര്‍ സ്റ്റേഷനുകളിലായി 72 കേസുകള്‍. അവിട്ടത്തൂരില്‍ പഞ്ചായത്തംഗത്തിന് മര്‍ദനമേറ്റു. ഏറ്റവും കൂടുതല്‍ കേസുകള്‍ കാട്ടൂരിലാണ്. 38 കേസുകളാണ് കാട്ടൂരിലുള്ളത്. ആറുപേരെ കരുതല്‍ തടങ്കലിലും കഞ്ചാവ് വലിച്ചതിന് ഒരു കേസും പൊതു സ്ഥലത്ത് മദ്യപിച്ചതിന് ഏഴ് കേസും മദ്യപിച്ച് വാഹനമോടിച്ചതിന് 24 കേസുകളും എടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട സ്‌റ്റേഷനില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 21 കേസും പൊതു സ്ഥലത്ത് മദ്യപിച്ചതിന് അഞ്ചും കേസുകളുമാണ് എടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ ലഹരി മാഫിയാ സംഘങ്ങള്‍ തമ്മില്‍ അടിപിടിയുണ്ടായി.വിവരമറിഞ്ഞ് പോലീസ് സംഘം ഉടന്‍ സ്ഥലത്തെത്തിയതിനാല്‍ പ്രശ്‌നം രൂക്ഷമായില്ല. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ഇരിങ്ങാലക്കുട ടൗണില്‍ രാത്രി തുറന്നു പ്രവര്‍ത്തിപ്പിച്ചിരുന്ന കടകള്‍ പോലീസ് അടപ്പിച്ചു. അടിപിടിയില്‍ പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. അവിട്ടത്തൂരില്‍ വേളൂക്കര പഞ്ചായത്തംഗം തെക്കാട്ട് വീട്ടില്‍ സി.ആര്‍. ശ്യാംരാജിന് മര്‍ദനമേറ്റു. ബിജെപി പ്രവര്‍ത്തകനാണ് ശ്യാംരാജ്. രാത്രി സുഹൃത്തിനൊപ്പം പുതുവത്സരാഘോഷം കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങുമ്പോള്‍ അവിട്ടത്തൂരില്‍ വെച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നുവെന്ന് ശ്യാംരാജ് പറയുന്നു. കല്ലുകൊണ്ട് തലക്കടിയേറ്റതിനെ തുടര്‍ന്ന് ശ്യാംരാജിനെ ഉടന്‍ തന്നെ ഇരിങ്ങാലക്കുട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രോഗ്രസീവ് ക്ലബിന്റെ പുതുവത്സരാഘോഷത്തിനിടയിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയതാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് എതിര്‍ വിഭാഗം പറയുന്നു. സംഘട്ടനത്തില്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ കണ്ണത്ത് വീട്ടില്‍ അജയകുമാറിന് മര്‍ദനമേല്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിൽ നിന്നുമായി അഞ്ച് പേർക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.
പഞ്ചായത്ത് അംഗത്തിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവിട്ടത്തൂർ സെൻ്ററിൽ നിന്നും അഗസ്ത്യപുരം വടക്കേ നടയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.