” സുവർണ്ണം” രണ്ടാംദിനയരങ്ങിൽ കലികൈതവാങ്കം കൂടിയാട്ടം ആദ്യരങ്ങവതരണം ശ്രദ്ധേയമായി
ഇരിങ്ങാലക്കുട :ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരുവർഷമായി നടത്തിവരുന്ന അമ്പതാംവാർഷികാഘോഷം ‘സുവർണ്ണ’ത്തിന്റെ സമാപനത്തിൻ്റെ ആഘോഷപരമ്പരയിൽ രണ്ടാംദിനത്തിൽ കലികൈതവാങ്കം കൂടിയാട്ടം ആദ്യമായി അരങ്ങത്തവതരിപ്പിച്ചു. കവി ഭട്ടനാരായണസുദർശനപണ്ഡിതൻ്റെ കലിവിധൂനനം നാടകത്തിലെ മൂന്നാമങ്കമാണ് കലികൈതവാങ്കം. ആട്ടപ്രകാരരചനയും, സംവിധാനവും, ആവിഷ്ക്കരവും നടത്തിയ ഡോക്ടർ അമ്മന്നൂർ രജനീഷ് ചാക്യാർ കലിയായും അമ്മന്നൂർ മാധവ് ചാക്യാർ ദ്വാപരനായും വേഷമിട്ടു. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം രവികുമാർ, കലാമണ്ഡലം വിജയ്,
ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ, എന്നിവർ പശ്ചാത്തലമേളമൊരുക്കി. കലാമണ്ഡലം സതീശൻ ചുട്ടി കുത്തി. അരങ്ങുതളിശ്ലോകരചനയും താളവും ഡോക്ടർ ഭദ്ര പി കെ എം ആയിരുന്നു. അവതരണത്തിനു മുമ്പായി ഡോക്ടർ ഭദ്ര പി കെ എം ആട്ടപ്രകാരത്തിലും,
കലാമണ്ഡലം നാരായണൻ നമ്പ്യാർ – അവതരണത്തിൻ്റെ നാൾവഴികളേയും ആഹാര്യത്തേയും, കലാമണ്ഡലം രാജീവ് മേളപ്രകാരത്തെ കുറിച്ചും ആമുഖഭാഷണം നടത്തി.
കാലത്ത് മുതൽ അരങ്ങേറിയ പ്രഭാഷണങ്ങളിൽ
“ഉണ്ണായിവാര്യരുടെ കൃതികളും വിശ്വസാഹിത്യകൃതികളും” എന്ന വിഷയത്തിൽ ഡോക്ടർ എം വി നാരായണനും “ആധുനികകാലത്ത് സംസ്കൃതനാടകങ്ങൾ കൂടിയാട്ടരംഗാവിഷ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോഴുള്ളപ്രത്യേകതകൾ” എന്ന വിഷയത്തിൽ മാർഗ്ഗി മധുവും, ബാഹുകഹൃദയം – ആട്ടപ്രകാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സംസ്കൃതകാവ്യം എന്ന വിഷയത്തിൽ ഡോക്ടർ ഇ എൻ നാരായണനും “സംസ്കൃതനാടകം കലിവിധൂനനം” എന്ന വിഷയത്തിൽ ഡോക്ടർ കെ പി ശ്രീദേവി പ്രഭാഷണങ്ങൾ നടത്തി.