ന്യൂഇയർ കാർണിവെലുമായി ജെസിഐ ഇരിങ്ങാലക്കുടയുടെ ഇരുപതാം വാർഷികാഘോഷം; ഇരുപതാം വർഷത്തിൽ നടപ്പിലാക്കുന്നത് ഒന്നരക്കോടി രൂപയുടെ പ്രവർത്തനങ്ങൾ
ഇരിങ്ങാലക്കുട : ന്യൂ ഇയർ കാർണിവെലുമായി ജെസിഐ ഇരിങ്ങാലക്കുടയുടെ ഇരുപതാം വർഷികാഘോഷം. ഡിസംബർ 31 ന് വൈകീട്ട് 5 ന് കൊടിയേറ്റം, 5.30 മുതൽ കോളേജ് വിദ്യാർഥികളുടെ ഡാൻസ് മൽസരം, ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക- മതനേതാക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനം , മെഗാ ഷോ , ഡിജെ ഫാഷൻ ഷോ, ഫ്യൂഷൻ , വർണ്ണ മഴ എന്നിവയാണ് പരിപാടികളെന്ന് ജെസിഐ പ്രസിഡണ്ട് ഡിബിൻ അമ്പൂക്കൻ, പ്രോഗ്രാം ഡയറക്ടർ വിപിൻ പാറേമക്കാട്ടിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇരുപതാം വാർഷികത്തിൻ്റെ ഭാഗമായി നിർധന കുടുംബത്തിന് ഭവനനിർമ്മാണം, തിരുവനന്തപുരം ആർസിസി യിലേക്ക് വീൽ ചെയറുകളുടെ വിതരണം, പട്ടണത്തിൽ ദിശാ ബോർഡുകൾ സ്ഥാപിക്കൽ, വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി, അവയവ ദാന ക്യാമ്പ്, വനിതാ പോലീസ് സ്റ്റേഷനിൽ പാർക്ക് നവീകരണം, അഖില കേരള ട്വിൻ്റി ട്വിൻ്റി ക്രിക്കറ്റ് ടൂർണ്ണമെൻ്റ് തുടങ്ങി ഒന്നരക്കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറർ സോണി സേവ്യർ, മുൻ പ്രസിഡണ്ടുമാരായ ലിയോ പോൾ, ടെൽസൺ കോട്ടോളി, അഡ്വ ഹോബി ജോളി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.