പൊറത്തുച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; ഷീ ലോഡ്ജ് ഇനിയും തുറന്ന് കൊടുക്കാത്തതിന് പ്രതിപക്ഷ വിമർശനം.
ഇരിങ്ങാലക്കുട : മാലിന്യ പ്രശ്നത്തെ ക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയെ ചൊല്ലി പ്രതിപക്ഷം നടത്തിയ പ്രതിഷേധം ഭരണ-പ്രതിപക്ഷ അംഗ ങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു. പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട എൽഡിഎഫ് കൗൺസിലർ സി സി ഷിബിനോട് ഫയൽ നോക്കിയിട്ട് പറയാമെന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ നൽകിയ മറുപടിയാണ് പ്രതിപക്ഷത്തിൻ്റെ എതിർപ്പിന് കാരണമായത്. ഉദ്യോഗസ്ഥർ പ്രമാണികൾ ചമയുകയാണെന്നും അനുവദിക്കാൻ കഴിയില്ലെന്നും എൽഡിഎഫ് അംഗങ്ങളായ അഡ്വ കെ ആർ വിജയ , സി സി ഷിബിൻ എന്നിവർ വിമർശിച്ചു. എന്നാൽ മാലിന്യ പ്രശ്നം അജണ്ടയിൽ ഇല്ലാത്തതാണെന്നും ആരോഗ്യ വിഭാഗം സൂപ്രവൈസറുടെ അഭാവത്തിൽ എത്തിയ ഉദ്യോഗസ്ഥന് വിഷയം അറിയണമെന്നില്ലെന്നും ജീവനക്കാരെ പേടിപ്പിക്കരുതെന്നും യുഡിഎഫ് അംഗങ്ങളായ എം ആർ ഷാജു, ബിജു പോൾ അക്കരക്കാരൻ എന്നിവർ പറഞ്ഞു. പൊറത്തുച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിട്ട് കാര്യമുണ്ടാകാറില്ലെന്ന് സതി സുബ്രമണ്യൻ പറഞ്ഞു. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടുണ്ടെന്നും നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.
മാസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം നടത്തിയ ഷീ ലോഡ്ജിൻ്റെ ബൈലോവിന് കൗൺസിൽ അംഗീകാരം നൽകി. ഷീ ലോഡ്ജ് ഇനിയും തുറന്ന് കൊടുക്കാൻ കഴിയാത്തത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് എൽഡിഎഫ് അംഗങ്ങൾ വിമർശിച്ചു. പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്ന് ബിജെപി അംഗം സന്തോഷ് ബോബനും പറഞ്ഞു. ഷീ ലോഡ്ജ് കെട്ടിടത്തിന് നമ്പർ ഇട്ട് കഴിഞ്ഞുവെന്നും വാട്ടർ അതോറിറ്റി കണക്ഷനും ഫയർ ആൻ്റ് സേഫ്റ്റി അനുമതിയും മാത്രമേ ബാക്കിയുള്ളൂവെന്നും ലേല നടപടികൾ ഫെബ്രുവരിയിൽ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ വിശദീകരിച്ചു.
നഗരസഭയുടെ ആറാം വാർഡിലുള്ള പൈക്കാടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഗുണഭോക്ത്യ സമിതിക്ക് യോഗം അംഗീകാരം നൽകി. യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.