ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൈതൃകമതിൽ സമർപ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് മുൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപ ചിലവഴിച്ച് ; സ്കൂളിൻ്റെ ഭൗതിക സാഹചര്യ വികസനത്തിൽ നഗരസഭ കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ടെന്ന് മന്ത്രിയുടെ വിമർശനം.
ഇരിങ്ങാലക്കുട : ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൈതൃകമതിൽ സമർപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പൈതൃക മതിലിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ്റെ 2018-ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 48 ലക്ഷം രൂപ വിനിയോഗിച്ച് സംസ്ഥാന നിർമ്മിതി കേന്ദ്രത്തിൻ്റെ നേത്യത്വത്തിലാണ് മതിൽ നിർമ്മാണം പൂർത്തികരിച്ചത്. സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ സ്കൂളിൻ്റെ ചുമതലയുള്ള നഗരസഭ കുറെകൂടി പോസറ്റീവ് ആയ ഇടപെടൽ നടത്തേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സ്കൂളിൻ്റെ മുൻഭാഗത്തുള്ള പഴയ ഹൈസ്കൂൾ കെട്ടിടം പൊളിച്ച് പണിയാൻ സർക്കാരിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചിട്ട് വർഷങ്ങളായിട്ടും പണികൾ ആരംഭിക്കാൻ കഴിയാത്തതിൽ വേദനയുണ്ട്. നിരവധി തവണ തൻ്റെ ഓഫീസിൽ നിന്നുള്ള സ്റ്റാഫ് നഗരസഭ ഓഫീസിൽ കയറിയിറങ്ങി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി സി ഷിബിൻ, ജയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതവും സ്കൂൾ പ്രധാന അധ്യാപിക കെ എസ് സുഷ നന്ദിയും പറഞ്ഞു.