കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ ഒരു കോടി രൂപ ചിലവഴിച്ച്
ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിൻ്റെ 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ നിന്നും 1 കോടി രൂപ ചിലവഴിച്ചുള്ള കരുവന്നൂർ സൗത്ത് ബണ്ട് റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരുവന്നൂർ പുഴയുടെ തീരത്ത് ഇരിങ്ങാലക്കുട നഗരസഭയേയും കാറളം ഗ്രാമ പഞ്ചായത്തിനേയും ബന്ധിപ്പിച്ച് 53 വർഷങ്ങൾക്ക് മുമ്പ് ജലവിഭവ വകുപ്പ് നിർമ്മിച്ചതാണ് കരുവന്നൂർ സൗത്ത് ബണ്ട് റോഡ്. 3030 മീറ്റർ നീളത്തിൽ ശരാശരി 4.80 മീറ്റർ വീതിയിൽ റോഡ് റീ ടാറിംങ്ങും 345 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ കോൺക്രീറ്റ് പാവിംങ്ങ് ബ്ലോക്ക് വിരിക്കുന്ന പ്രവൃത്തിക്കുമാണ് ഇപ്പോൾ തുടക്കം ആയിരിക്കുന്നത്.
കരുവന്നൂർ വലിയ പാലത്തിന് സമീപം നടന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അദ്ധ്യക്ഷത വഹിച്ചു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ വലിയാട്ടിൽ ,ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, അൽഫോൺസ തോമസ്, രാജി കൃഷ്ണകുമാർ, കാറളം ഗ്രാമ പഞ്ചായത്ത് മെമ്പർ ലൈജു ആൻ്റണി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.