കുറ്റാന്വേഷണങ്ങളിലെ താരം ഹണി ഇനി ഓർമ്മ ; കൊലപാതകമടക്കമുള്ള ജില്ലയിലെ പ്രമുഖ കേസ്സുകളിൽ തുമ്പുണ്ടാക്കുന്നതിൽ ഹണി നിർണ്ണായക പങ്ക് വഹിച്ചെന്ന് പോലീസ്; സംസ്കാരം
പോലീസ് ബഹുമതികളോടെ
ഇരിങ്ങാലക്കുട : കുറ്റാന്വേഷണ മികവിന് പേരെടുത്ത തൃശ്ശൂർ റൂറൽ കെ 9 സ്ക്വാഡിലെ ഹണി എന്ന നായ ഇനി ഓർമ്മ.കുറ്റവാളികളെ പിടികൂടുന്നതിൽ അതീവ പ്രാഗല്ഭ്യമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയായ ഹണി കരൾ രോഗത്തെ തുടർന്ന് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പത്തരയോടെയാണ് മരണമടഞ്ഞത്.
ഹരിയാനയിലെ ഭാനുവിലുള്ള നാഷണൽ ട്രെയിനിംഗ് ഫോർ ഡോഗ് ട്രെയിനിംഗ് സെൻ്ററിൽ നിന്ന് 9 മാസത്തെ ട്രാക്കർ വിഭാഗത്തിലെ ട്രെയിനിംഗ് 2017 സെപ്തംബറിൽ ഒന്നാം സ്ഥാനത്തോടെ പൂർത്തിയാക്കിയ യാണ് ഹണി തൃശ്ശൂരിലെത്തിയത്. തുമ്പൂർ പള്ളി മോഷണക്കേസ്, ചാലക്കുടി ഇടശ്ശേരി ജ്വല്ലറി മോഷണക്കേസ്, മതിലകം കട്ടൻ ബസാറിലെ കൊലപാതകക്കേസ് എന്നിവയിൽ തുമ്പുകൾ ഉണ്ടാക്കുന്നതിൽ ഹണിയുടെ പങ്ക് നിർണ്ണായകമായി.
കേരള പോലീസ് ക്രൈം സ്ക്വാഡിന്റെ അഭിമാനമായ ഹണിക്ക് മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ കട്ടൻ ബസാറിൽ നടന്ന കൊലപാതക കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതിന് കേരള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ 2019ൽ ലഭിച്ചിട്ടുണ്ട്.
2020ൽ ഹണിയുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരള ഡിജിപിയുടെ എക്സലൻസി റിവാർഡ് മെഡലും ലഭിച്ചിട്ടുണ്ട് ജി എസ് സി പി ഒ അജീഷ്, സിപിഒ അനീഷ് എന്നിവരായിരുന്നു എട്ട് വയസ്സുള്ള ഹണിയുടെ ഹാൻഡ്ലേഴ്സ് റൂറൽ പോലീസ് ആസ്ഥാനത്ത് ഡോഗ് സ്ക്വാഡിൻ്റെ പരിസരത്ത് ശനിയാഴ്ച മൂന്ന് മണിയോടെയായിരുന്നു സംസ്കാരം.
തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ്, അഡീഷണൽ എസ്പി വി എ ഉല്ലാസ് എന്നിവർ തൃശ്ശൂർ റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി അബ്ദുൽ ബഷീർ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.