തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ക്രൈസ്തവ നേതാക്കള്‍ മല്‍സരിക്കണമെന്നും ഭരണഘടനയെ തള്ളിപ്പറയുന്നവരെ തിരിച്ചറിയണമെന്നും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ .
ഇരിങ്ങാലക്കുട: രൂപതയിലെ വിശ്വാസി സമൂഹത്തില്‍ നിന്നും കൂടുതല്‍ പേര് അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തിറങ്ങണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത മുമ്പെങ്ങുമില്ലാത്ത വിധം സര്‍വരംഗങ്ങളിലും പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലെ പാളിച്ചകളും അഴിമതികളും കണ്ട് മാറിനില്ക്കാതെ, കൂടുതല്‍ ക്രൈസ്തവ നേതാക്കള്‍ പൊതുമണ്ഡലത്തിലേക്ക് ഇറങ്ങിവരണമെന്നും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊള്ളണമെന്നും ഭരണഘടനയെ തള്ളിപ്പറയുന്നവരെ തിരിച്ചറിയണമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ വ്യക്തമാക്കി.
ഫ്രാന്‍സിസ് പാപ്പയുടെ ‘അവന് നമ്മെ സ്നേഹിച്ചു’ എന്ന ചാക്രിക ലേഖനം ആസ്പദമാക്കി റവ. ഡോ. വിന്‍സെന്റ് ആലപ്പാട്ടും വഖഫ് പ്രതിസന്ധിയെപ്പറ്റി അഡ്വ. ബിജു കുണ്ടുകുളവും ക്ലാസെടുത്തു. ‘കേരളസഭാതാരം’ അവാര്‍ഡ് പ്രമുഖ വചനപ്രഘോഷകന് ഫാ. മാത്യു നായ്ക്കംപറമ്പിലിന് മാര്‍ പോളി കണ്ണൂക്കാടന്‍ നല്കി. ജനറല്‍ സെക്രട്ടറി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ജോളി വടക്കന്‍ ,സെക്രട്ടറി ഡേവിസ് ഊക്കന്‍, ആനി ആന്റു എന്നിവർ സംസാരിച്ചു.
141 ഇടവകകളില്‍നിന്നുള്ള വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു.