ബോയ്സ് സ്കൂളിലെ ഓഡിറ്റോറിയനിർമ്മാണ പദ്ധതിയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം; ഭരണകക്ഷി കൗൺസിലറെ ഉദ്യോഗസ്ഥ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ആരോപണം
ഇരിങ്ങാലക്കുട : എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 99 ലക്ഷം രൂപ ഉപയോഗിച്ച് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവിലുള്ള പഴയ ഓഡിറ്റോറിയം പൊളിച്ച് ആധുനിക രീതിയിൽ ഓഡിറ്റോറിയം നിർമ്മിക്കുന്ന വിഷയത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം. ഓഡിറ്റേറിയം നിർമ്മാണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ കൗൺസിലിന് കത്ത് നൽകിയിരുന്നു. ഇത് സംബന്ധിച്ച് അസിസ്റ്റന്റ് എഞ്ചിനീയർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാരിൻ്റെ അനുമതിയ്ക്കായി കത്ത് അയക്കാമെന്ന് ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു. എന്നാൽ പൊളിച്ച് മാറ്റാനുള്ള ഭരണാനുമതി ഡിസംബർ 15 നുള്ളിൽ ലഭിച്ചില്ലെങ്കിൽ ഒരു കോടിയോളം രൂപ നഷ്ടപ്പെടുമെന്നും ഭരണപക്ഷം ഇത് സംബന്ധിച്ച അജണ്ട മനപൂർവം വൈകിച്ചുവെന്നും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജിഷ ജോബി വിമർശിച്ചു. ഇന്നസെൻ്റിൻ്റെ പേരിൽ നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന് തടസ്സം സൃഷ്ടിക്കുന്നത് വിട പറഞ്ഞ നടനോട് കാണിക്കുന്ന നന്ദികേട് ആണെന്നും ഓഡിറ്റോറിയ നിർമ്മാണത്തിന് അനുമതി നൽകണമെന്നും എൽഡിഎഫ് അംഗങ്ങളായ അഡ്വ കെ ആർ വിജയ, സി സി ഷിബിൻ എന്നിവർ ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരിൽ നിന്നും അപേക്ഷ ലഭിച്ചത് കഴിഞ്ഞ മാസം മാത്രമാണെന്നും പദ്ധതിക്ക് ആരും തടസ്സം നിന്നിട്ടില്ലെന്നും ചെയർപേഴ്സൺ വിശദീകരിച്ചു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വിഷയത്തിൽ തർക്കം തുടർന്ന സാഹചര്യത്തിൽ അജണ്ട മാറ്റി വയ്ക്കുകയാണെന്ന് ചെയർപേഴ്സൺ പ്രഖ്യാപിച്ചു. അജണ്ട മാറ്റിവയ്ക്കാൻ പാടില്ലെന്നും വിഷയത്തിൽ വോട്ടെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി. വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ ഓഡിറ്റോറിയം നിർമ്മാണത്തിന് കൗൺസിലിൻ്റെ അനുമതി നൽകാനും പഴയ കെട്ടിടം പൊളിച്ച് മാറ്റാനുള്ള അനുമതി സർക്കാരിൽ നിന്നും തേടാനും അനുമതി ലഭിച്ചില്ലെങ്കിൽ സ്കൂളിൽ തന്നെ അനുയോജ്യമായ മറ്റൊരു സ്ഥലത്ത് ഓഡിറ്റോറിയം നിർമ്മിക്കാനും യോഗം തീരുമാനിച്ചു.
വാർഡുകൾ കുടിവെള്ള ക്ഷാമത്തിൻ്റെ പിടിയിലാണെന്നും ടാങ്കർ ലോറിയാൽ വെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, ഷെല്ലി വിൽസൺ, പി ടി ജോർജ്ജ്, അൽഫോൺസ തോമസ്, നസീമ കുഞ്ഞുമോൻ തുടങ്ങിയവർ ആവശ്യപ്പെട്ടു. ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാൻ സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് വേണമെന്നും വരൾച്ചാക്കാലത്ത് മാത്രമേ ഈ അനുമതി ലഭിക്കാറുള്ളൂവെന്നും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്ന് കുടിവെള്ള പൈപ്പുകൾ പൊട്ടിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമായതെന്നും വിഷയം കെഎസ്ടിപി , ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ചതാണെന്നും സെക്രട്ടറി എം എച്ച് ഷാജിക് വിശദീകരിച്ചു. വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിനായി മാറ്റി വച്ചിട്ടുള്ള ഫണ്ട് ചിലവഴിക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ അനുമതി തേടാവുന്നതാണെന്ന് മുൻചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ ചർച്ചയിൽ ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യം ജില്ലാ കളക്ടറെ ബോധ്യപ്പെടുത്താനും കുടി വെള്ള വിതരണത്തിന് അനുമതി തേടാനും യോഗം തീരുമാനിച്ചു.
നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നിന്നും മാലിന്യനീക്കം ചെയ്യുന്നതിൽ നിന്നും ക്ലിൻ കേരള കമ്പനിയെ ഒഴിവാക്കാൻ യോഗം തീരുമാനിച്ചു. മാലിന്യനീക്കത്തിൽ വീഴ്ച വരുത്തിയ ക്ലീൻ കേരളയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കരാർ ലംഘിച്ചതിന് നടപടി സ്വീകരിക്കണമെന്നും അഡ്വ ജിഷ ജോബി ആവശ്യപ്പെട്ടു. ആയുർവേദ ആശുപത്രിയിൽ മാലിന്യ സംസ്കരണത്തിന് യാതൊരു സംവിധാനവുമില്ലാത്ത സാഹചര്യമാണെന്ന് ഇത് സംബന്ധിച്ച ചർച്ചയിൽ ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. ആയുർവേദ ആശുപത്രിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലത്തിൻ്റെ അഭാവമാണ് പ്രശ്നമെന്ന് സുജ സഞ്ജീവ് കുമാർ പറഞ്ഞു.
ഫയൽ ചോദിച്ചതിന് ഒരു ഭരണകക്ഷി കൗൺസിലറെ കയ്യേറ്റം ചെയ്യാൻ ഒരു ഉദ്യോഗസ്ഥ ശ്രമിച്ചുവെന്നും പ്രസ്തുത ഉദ്യോഗസ്ഥയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി കൗൺസിലർ ടി കെ ഷാജു ആവശ്യപ്പെട്ടു.
അമ്യത് മിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി റിപ്പബ്ലിക്ക് പാർക്ക് , അയ്യങ്കാവ് മൈതാനം എന്നിവയുടെ പരിപാലനത്തിന് പത്ത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ ഇതിൻ്റെ തുടർനടപടികളുമായി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനായി നാല് പേരെ നിയമിച്ചത് കൗൺസിൽ അറിഞ്ഞിട്ടില്ലെന്നും ഇത് ശരിയായ രീതിയല്ലെന്നും ഭരണകക്ഷി അംഗം എം ആർ ഷാജു വിമർശിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.