ഇരിങ്ങാലക്കുടയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ് ക്ലബ് അംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ് ക്ലബിലെ അംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. പ്രമുഖ ആരോഗ്യസ്ഥാപനമായ മെട്രോ ഹോസ്പിറ്റലും നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ക്ലബ് സീനിയർ അംഗവും ജോയിൻ്റ് സെക്രട്ടറിയുമായ മൂലയിൽ വിജയകുമാറിന് പോളിസി നൽകി കൊണ്ട് മെട്രോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ എം ആർ രാജീവ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡണ്ട് പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. നാഷണൽ ഇൻഷുറൻസ് കമ്പനി ഇരിങ്ങാലക്കുട ബ്രാഞ്ചിലെ സീനിയർ ബിസിനസ്സ് മാനേജർ നവ്യ പി ദേവിപ്രസാദ്, ഹോസ്പിറ്റൽ മാനേജർ മുരളീദത്തൻ എന്നിവർ ആശംസകൾ നേർന്നു. ക്ലബ് സെക്രട്ടറി നവീൻ ഭഗീരഥൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം വി ആർ സുകുമാരൻ നന്ദിയും പറഞ്ഞു.