പരാതിപരിഹാരത്തിന് ‘കരുതലും കൈത്താങ്ങും ‘ ; മുകുന്ദപുരം താലൂക്ക് അദാലത്ത് 16 ന്; സംഘാടകസമിതി രൂപീകരിച്ചു; അദാലത്തിൽ പരിഗണിക്കുന്നത് പതിനാറോളം വിഷയങ്ങൾ ; ഇതിനകം ലഭിച്ചത് 66 അപേക്ഷകൾ
ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ ഒരുക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കിൽ ഡിസംബർ 16 തിങ്കളാഴ്ച നടക്കും. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ പത്തുമണി മുതൽ തുടങ്ങുന്ന അദാലത്തിന് റവന്യൂ-ഭവനനിർമ്മാണ മന്ത്രി അഡ്വ. കെ രാജൻ, ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ നേതൃത്വം നൽകും. പൊതുജനങ്ങളിൽ നിന്നും അദാലത്ത് ദിവസവും പുതിയ പരാതികൾ സ്വീകരിക്കാൻ സൗകര്യമൊരുക്കുമെന്ന് താലൂക്ക് കോൺഫ്രറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഭൂമി സംബന്ധമായ പരാതികൾ , , കെട്ടിട നിർമ്മാണ ചട്ടങ്ങൾ, പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്കുള്ള ആനുകൂല്യങ്ങൾ , പരിസ്ഥിതി മലിനീകരണം, റേഷൻ കാർഡ്, ഭക്ഷ്യ സുരക്ഷ , വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ മേഖല, തണ്ണീർത്തട സംരക്ഷണം, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങി പതിനാറ് വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. അദാലത്തിൻ്റെ നടത്തിപ്പിനായി മന്ത്രിഡോ. ആർ ബിന്ദു ചെയർപേഴ്സണും ആർഡിഒ കൺവീനറുമായി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട ആർഡിഒ ഡോ. എം സി റെജിൽ, മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി കെ വർഗ്ഗീസ്, റിയാസുദ്ദീൻ, സാം തോംസൺ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, മറ്റു ജനപ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 66 അപേക്ഷകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.