സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും റണ്ണിംഗ് ടൈം പുനക്രമീകരണവും കെഎസ്ടിപി റോഡ് നിർമ്മാണവും ഗതാഗത നിയന്ത്രണങ്ങളും അനുബന്ധവിഷയങ്ങളും ചർച്ച ചെയ്യാൻ പ്രാദേശികമായി പ്രത്യേക യോഗം വിളിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം

 

സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും റണ്ണിംഗ് ടൈം പുനക്രമീകരണവും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ പ്രാദേശികമായി പ്രത്യേക യോഗം വിളിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം

 

ഇരിങ്ങാലക്കുട : സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും തുടർന്നുണ്ടാകുന്ന അപകടങ്ങളും കെഎസ്ടിപി റോഡ് നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ട് സ്വകാര്യ ബസ്സുകൾ നടത്തുന്ന സർവീസുകളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ ഇരിങ്ങാലക്കുട പ്രത്യേക യോഗം വിളിച്ച് ചേർക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം. റോഡ് നിർമ്മാണത്തെ തുടർന്നുള്ള ദുരിതങ്ങൾ നേരിടുന്നത് ഇരിങ്ങാലക്കുട നിവാസികളാണെന്നും തൃശ്ശൂരിൽ യോഗം ചേർന്നത് കൊണ്ട് കാര്യമില്ലെന്നും ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും പോലീസ് – മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരെയും ചേർത്ത് പ്രാദേശികമായി യോഗം വിളിക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ബസ്സുകളുടെ റണ്ണിംഗ് ടൈം പുനക്രമീകരിച്ച് കൊടുക്കുന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. സ്വകാര്യ ബസ് സ്റ്റാൻ്റിലെ പോലീസ് എയ്ഡ് പോസ്റ്റിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നു.നഗരത്തിലെ ഭൂരിപക്ഷം ഓട്ടോറിക്ഷകളും മീറ്റർ ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.ഇക്കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരാമെന്ന് അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അറിയിച്ചു.

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ നടപടികൾ സ്വീകരിച്ച് വരികയാണെന്നും തനത് ഫണ്ട് കൊണ്ടുള്ള നിർമ്മാണ പ്രവൃത്തികൾ നഗരസഭാ യോഗത്തിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് സാധ്യമായില്ലെന്നും കൗൺസിലർമാരുടെ ഫണ്ടുകൾ സംയോജിപ്പിച്ച് കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും നഗരസഭ വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ അറിയിച്ചു. കാട്ടൂർ ഇൻസ്ട്രിയൽ എസ്റ്റേറ്റിലെ യൂണിറ്റുകളിൽ നിന്നുള്ള മാലിന്യ വിഷയത്തിൽ കിണർ ജലത്തിൻ്റെ കാക്കനാട് നിന്നുള്ള ലാബ് റിപ്പോർട്ട് കിട്ടിയതിന് ശേഷം അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെഎസ്ആർടി സർവീസുകൾ സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ സ്വകാര്യ ബസ് സ്റ്റാൻ്റിൽ ബോർഡ് സ്ഥാപിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ യോഗത്തിന് ഉറപ്പു നൽകി. മാടായിക്കോണം സബ്- സെൻ്റർ വെൽനെസ്സ് സെൻ്ററായി ഉയർത്താനുള്ള കഴിഞ്ഞ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദിവസങ്ങളിലെ കനത്ത മഴയെ തുടർന്നുണ്ടായ കൃഷി നാശത്തിന് കർഷകർക്ക് നഷ്ട പരിഹാരം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ തഹസിൽദാർ സിമീഷ് സാഹൂ അധ്യക്ഷത വഹിച്ചു. കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി ടി വി ലത, ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളായ കൃപേഷ് ചെമ്മണ്ട, ആൻ്റോ പെരുമ്പിള്ളി, ടി കെ വർഗ്ഗീസ് കാർത്തികേയൻ, സാം തോംസൺ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Please follow and like us: