മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പുചിറ ടൂറിസം ഹബ്ബാവാൻ ഒരുങ്ങുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 90 ലക്ഷം രൂപ ചിലവിൽ
ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച ഡെസ്റ്റിനേഷൻ ടൂറിസം ചലഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി അനുമതി ലഭിച്ച മുരിയാട് പഞ്ചായത്തിലെ പുല്ലൂർ പൊതുമ്പു ചിറയിൽ ടൂറിസം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ആസ്തി വികസന ഫണ്ടും സംസ്ഥാന സർക്കാരിൻ്റെ ടൂറിസം വകുപ്പ് അനുവദിച്ച ഫണ്ടും മുരിയാട് ഗ്രാമപഞ്ചായത്ത് ഫണ്ടും സംയോജിപ്പിച്ച് 90 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൻ്റെ നിർമ്മാണോദ്ഘാടനം പൊതുമ്പു ചിറക്ക് സമീപം നടന്ന ചടങ്ങിൽ വെച്ച് പദ്ധതിയുടെ ത്രിമാന ചിത്രങ്ങൾ പ്രകാശനം ചെയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.
ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ , വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനേഷ് കെ.എസ്, എന്നിവർ മുഖ്യാതിഥികളായിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു.വിജയൻ ഭരണസമിതി അംഗം തോമസ് തൊകലത്ത് എന്നിവർ ആശംസകൾ നേർന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് അസി എഞ്ചിനിയർ സിമി സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഭരണ സമിതി അംഗം സേവ്യർ ആളൂക്കാരൻ സ്വാഗതവും മുരിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി ജസീന്ത നന്ദിയും പറഞ്ഞു. ആദ്യഘട്ട നിർമ്മാണം 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.