കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കൃഷി നാശം; മുനയം താത്കാലിക ബണ്ട് നിർമ്മാണം പാതി വഴിയിൽ തകർന്നു; എടക്കുളത്ത് തുടർച്ചയായ മഴയിൽ ഒരു വീടും ഭാഗികമായി തകർന്നു.
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ആയിരത്തോളം എക്ടറിൽ കൃഷിനാശം . കാറളത്ത് 225 എക്ടറിലും കാട്ടൂരിൽ 10 എക്ടറിലും മുരിയാട് 360 എക്ടറിലും പൊറത്തിശ്ശേരിയിൽ 235 എക്ടറിലും ഇരിങ്ങാലക്കുടയിൽ 10 എക്ടറിലുമാണ് കൃഷി വെള്ളം കയറിയ അവസ്ഥയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഞാറ് നടീൽ പൂർത്തിയാക്കിയവരാണ് ഇതിൽ അറുപത് ശതമാനം കർഷകരും. അതേ സമയം ജില്ലയിലെ ഷട്ടറുകളും തടയിണയകളും തുറന്നിട്ടുളളതിനാൽ വെള്ളം ധാരാളമായി ഒഴുകി പോകുന്ന സാഹചര്യവും നിലവിലുണ്ട്.
കനത്ത മഴയിൽ മുനയം താത്കാലിക ബണ്ട് നിർമ്മാണവും തകർന്ന അവസ്ഥയിലായി. ജില്ലയിലെ നെൽകൃഷി സംരക്ഷിക്കാൻ കനോലി കനാലും കരുവന്നൂർ പുഴയും സംഗമിക്കുന്നിടത്താണ് ഇറിഗേഷൻ വകുപ്പ് ലക്ഷങ്ങൾ ചിലവഴിച്ച് ബണ്ട് നിർമ്മിക്കുന്നത് . ബണ്ട് നിർമ്മാണത്തിനായി സ്ഥാപിച്ച മുളകൾ ചൊവ്വാഴ്ച ഉച്ചയോടെ തള്ളി പോവുകയായിരുന്നു. ബണ്ട് നിർമ്മാണം ഒരാഴ്ച മുമ്പാണ് ആരംഭിച്ചത്. മണ്ണിട്ട് നിറയ്ക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പാണ് മഴയിൽ ചണ്ടി വന്ന് അടിഞ്ഞും മറ്റും മുളകൾ തള്ളിപ്പോയിരിക്കുന്നത്.
മഴയിൽ പൂമംഗലം പഞ്ചായത്തിൽ എടക്കുളം കോമ്പാത്ത് അജിത്തിൻ്റെ വീടിന് ഭാഗികമായ നഷ്ടം ഉണ്ടായിട്ടുണ്ട്.