ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ ഇരുപത് പദ്ധതികൾ പ്രഖ്യാപിച്ച് ജെസിഐ; പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നവംബർ 30 ന്
ഇരിങ്ങാലക്കുട : ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ ഇരുപത് പദ്ധതികൾ പ്രഖ്യാപിച്ച് ജെസിഐ ഇരിങ്ങാലക്കുട യൂണിറ്റ്. തിരുവനന്തപുരം ആർസിസി യിലേക്ക് വീൽ ചെയർ വിതരണം, സിവിൽ സർവീസ് പരിശീലനത്തിന് സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, അവയവദാനക്യാമ്പ്,വനിത പോലീസ് സ്റ്റേഷനിൽ കുട്ടികളുടെ പാർക്ക് നവീകരണം, നിർധനരായ ഇരുപത് കുടുംബങ്ങൾക്ക് മരുന്ന് വിതരണം, അഖില കേരള ട്വൻ്റി-ട്വൻ്റി ക്രിക്കറ്റ് ടൂർണ്ണമെൻ്റ്, അന്നദാനം തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുകയെന്ന് പ്രസിഡണ്ട് ഡിബിൻ അമ്പൂക്കൻ , സെക്രട്ടറി ഷിജു കണ്ടംകുളത്തി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 21 ന് അയ്യങ്കാവ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പദ്ധതികളുടെ ഉദ്ഘാടനം ഗോവ ഗവർണ്ണർ അഡ്വ പി എസ് ശ്രീധരൻപിള്ള നിർവഹിക്കും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നവംബർ 30 ന് വൈകീട്ട് 7 മണിക്ക് എസ് എൻ ക്ലബ് ഹാളിൽ നടക്കും. അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന പരിപാടി ജെസിഐ നാഷണൽ പ്രസിഡണ്ട് അഡ്വ രാകേഷ് ശർമ്മ ഉദ്ഘാടനം ചെയ്യും. ട്രഷറർ സോണി സേവ്യർ, പോഗ്രാം ഡയറക്ടർ ഷിജു പെരേപ്പാടൻ, നിസാർ അഷ്റഫ്, മുൻ പ്രസിഡണ്ട് ടെൽസൻ കോട്ടോളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.