ഇരിങ്ങാലക്കുട : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള; അവസരങ്ങൾ ലഭിച്ചത് 128 പേർക്ക്
ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 128 പേർക്ക്. സെൻ്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് നടത്തിയ മെഗാ തൊഴിൽ മേള തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷയായിരുന്നു.
അമ്പതു പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂ നടന്നു. ഐടി, ബാങ്കിംഗ്, ഫൈനാൻസിങ്ങ് , ഓട്ടോ മൊബൈൽ, ഹെൽത്ത്, വിദ്യാഭ്യാസം, ഇൻഷൂറൻസ്, മാർക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഒഴിവുകൾ ഉണ്ടായിരുന്നത്. രാവിലെ 9 മണി മുതൽ കോളജിൽ നടന്ന സ്പോട്ട് രജിസ്ട്രേഷനിലൂടെ 1051 പേരാണ് മേളയിൽ പങ്കെടുത്തത്. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 464 പേരിൽ 128 പേർക്കാണ് തൊഴിൽ ലഭിച്ചത്. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ സമീറ എൻ വി ,മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഫെനി എബിൻ വെള്ളാനിക്കാരൻ, കോളജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി , എംപ്ലോയ്മെൻ്റ് ഓഫീസർമാരായ റെക്സ് തോമാസ് ഇ , സീനത്ത് വി.എ , ഷാജു ലോനപ്പൻ എന്നിവർ സംസാരിച്ചു.