പല്ലാവൂർ സമിതിയുടെ ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരം പിണ്ടിയത്ത് ചന്ദ്രൻനായർക്കും ഗുരുസ്മൃതി പുരസ്കാരം പരയ്ക്കാട് തങ്കപ്പൻമാരാർക്കും ; പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവം ഡിസംബർ 3 മുതൽ 8 വരെ
ഇരിങ്ങാലക്കുട : പല്ലാവൂർ അപ്പുമാരാർ സ്മാരകവാദ്യ ആസ്വാദകസമിതിയുടെ ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരത്തിന് പിണ്ടിയത്ത് ചന്ദ്രൻനായരും പല്ലാവൂർ ഗുരുസ്മൃതി അവാർഡിന് പരയ്ക്കാട് തങ്കപ്പൻമാരാരും അർഹരായി. ഡിസംബർ 3 മുതൽ 8 വരെയായി ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര നടയിലെ പ്രത്യേക വേദിയിൽ നടക്കുന്ന പതിനഞ്ചാമത് പല്ലാവൂർ താളവാദ്യ മഹോൽസവം ഡിസംബർ 3 ന് വൈകീട്ട് 6 ന് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി പ്രസിഡണ്ട് കലാനിലയം ഉദയൻ നമ്പൂതിരി, സെക്രട്ടറി കണ്ണമ്പിള്ളി ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്മജ്യോതി പുരസ്കാരങ്ങൾ പ്രിയദർശിനി ഗോവിന്ദ്, കലൈമാമണി നെല്ലയ് ഡി കണ്ണൻ,കുഴൂർ വിജയൻ മാരാർ, കാവശ്ശേരി കുട്ടികൃഷ്ണപിഷാരടി എന്നിവർക്കും സമർപ്പിക്കും. അനുസ്മരണ പ്രഭാഷണം, സമർപ്പണ സദസ്സ്, തായമ്പക, മദ്ദളകേളി, കൊമ്പ് പറ്റ്, കുഴൽപറ്റ്, സോപാന സംഗീതം, ഗുരുപൂജ എന്നീ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ മൂർക്കനാട് ദിനേശൻ, പി എ അനിൽകുമാർ, ജൂറി അംഗങ്ങളായ സന്ദീപ് മാരാർ, കെ എസ് സുദാമൻ, വി കലാധരൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.