ചേലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ട് പേർ മരിച്ചു

ചേലൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ടു പേര്‍ മരിച്ചു

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട – മൂന്നുപീടിക സംസ്ഥാന പാതയിൽ ചേലൂർ പള്ളിക്ക് അടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. മതിലകം പോലീസ് സ്‌റ്റേഷനു സമീപം പൊന്നാംപടിക്കല്‍ വീട്ടില്‍ അബ്ദുള്‍ഖാദര്‍ മകന്‍ സത്താര്‍ (43), പെരിഞ്ഞനം കുറ്റിലക്കടവ് കരിമാലിയില്‍ വീട്ടില്‍ അച്ചുതന്‍ നായര്‍ മകന്‍ അനില്‍കുമാര്‍ (58) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മതിലകം വഞ്ചിപ്പുര വീട്ടില്‍ ഗോഡ്‌സണ്‍ (26) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മതിലകത്തു നിന്നും ഇരിങ്ങാലക്കുടയിലേക്ക് സത്താറും ഗോഡ്‌സണും സഞ്ചരിച്ചിരുന്ന ബൈക്കും ഇരിങ്ങാലക്കുടയില്‍ നിന്നും മതിലകത്തേക്കു പോകുകയായിരുന്ന അനില്‍കുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍തന്നെ പരിക്കേറ്റവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനില്‍കുമാര്‍ അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. വിദഗ്ധ ചികിത്സക്കായി സത്താറിനെയും ഗോഡ്‌സനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സത്താര്‍ മരണപ്പെടുകയായിരുന്നു. ഗോഡ്‌സന് ഗുരുതര പരിക്കുകളുണ്ട്. സൗദിയില്‍ ജോലി ചെയ്തിരുന്ന സത്താര്‍ നാലു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ മാസം അവസാനം തിരികെ സൗദിയിലേക്ക് പോകാനിരിക്കുകയായിരുന്നു. മതിലകം ജുമാ മസ്ജിദില്‍ നാളെ സംസ്‌കാരം നടക്കും. ഭാര്യ: നിമ്മി. മക്കള്‍: റസിനി, റിന്‍സാന. മരുമകന്‍: സല്‍മാന്‍. മരണപ്പെട്ട അനില്‍കുമാര്‍ മാളയില്‍ കോഴി ഫാമില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ നടക്കും. ഭാര്യ: അജിത, മക്കള്‍: അമര്‍നാഥ്, ഋഷികേശ്. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Please follow and like us: