മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജിയുമായി സിഎൽസി

മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജിയുമായി സിഎല്‍സി

 

ഇരിങ്ങാലക്കുട: നീതി ആരുടെയും ഔദാര്യമല്ലെന്നും ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. മുനമ്പം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും മുനമ്പം തീരദേശവാസികളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിച്ച് പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സിഎല്‍സി ഒരു ലക്ഷം പേര്‍ ഒപ്പിട്ട് നല്‍കുന്ന ഭീമഹര്‍ജിയില്‍ ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മുനമ്പത്തേത് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമരമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണം. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ഒരു ജനതയുടെ പോരാട്ടത്തില്‍ സമൂഹ മനസാക്ഷി ഉണരണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. രൂപത ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് അലക്‌സ് ഫ്രാന്‍സീസ് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍ വിഷയാവതരണം നടത്തി. മോഡറേറ്റര്‍ സിസ്റ്റര്‍ സായൂജ്യ എഫ്‌സിസി, ഭാരവാഹികളായ മെല്‍ബിന്‍ ഫ്രാന്‍സീസ്, ബിബിന്‍ പോള്‍, സാവിയോ വിജു, ജുജില്‍ ജോണ്‍സന്‍, അനറ്റ് പോള്‍, കെ.ജെ. ആന്‍ഗ്ലോറിയ, അലന്‍ ക്രിസ്റ്റോ, അല്‍ജോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. മുനമ്പം തീരദേശ ഭൂമിയിലെ അവകാശവാദങ്ങള്‍ വഖഫ് ബോര്‍ഡ് പൂര്‍ണമായും അവസാനിപ്പിക്കുക, വഖഫ് നിയമത്തിലെ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുക എന്നിവയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Please follow and like us: