തളിക്കുളം ഹാഷിദ കൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതിക്ക് ജീവപര്യന്തം തടവും 1,51, 500 രൂപ പിഴയും
ഇരിങ്ങാലക്കുട : തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ്റെ മകളായ ഹാഷിദയെ ( 24 വയസ്സ്) വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് അസ്സീസിക്ക് (30) ജീവപര്യന്തം തടവും 1 ,51, 500 രൂപയും പിഴയും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിനോദ്കുമാർ വിധിച്ചു .പിഴയിൽ നിന്നും ഒരു ലക്ഷം രൂപ കൊലപ്പെട്ട ഹാഷിദയുടെ മക്കൾക്ക് നൽകാനും വിധിച്ചിട്ടുണ്ട്.2022 ആഗസ്റ്റ് 20 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിൻ്റെ പേരിൽ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമായിട്ടുള്ള ഹാഷിദയെ പ്രതി വാൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ 21 ന് വൈകീട്ട് ഹാഷിദ മരണമടഞ്ഞു. വലപ്പാട് സി ഐ കെ എസ് സുശാന്ത് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി 58 സാക്ഷികളെ വിസ്തരിക്കുകയും 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോജി ജോർജ്ജ്, അഭിഭാഷകരായ ജെയിംസ് പി എ, എബിൻ ഗോപുരൻ, അൽജോ പി ആൻ്റണി, സൗമ്യ ടി ജി എന്നിവർ ഹാജരായി.