തളിക്കുളം ഹാഷിദ കൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
ഇരിങ്ങാലക്കുട : തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ്റെ മകളായ ഹാഷിദയെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് അസ്സീസി (30) കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിനോദ്കുമാർ കണ്ടെത്തി 2022 ആഗസ്റ്റ് 20 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിൻ്റെ പേരിൽ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമായിട്ടുള്ള ഹാഷിദയെ പ്രതി വാൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ 21 ന് വൈകീട്ട് ഹാഷിദ മരണമടഞ്ഞു. വലപ്പാട് സി ഐ കെ എസ് സുശാന്ത് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി 58 സാക്ഷികളെ വിസ്തരിക്കുകയും 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോജി ജോർജ്ജ്, അഭിഭാഷകരായ ജെയിംസ് പി എ, എബിൻ ഗോപുരൻ, അൽജോ പി ആൻ്റണി, സൗമ്യ ടി ജി എന്നിവർ ഹാജരായി.