പൊറത്തിശ്ശേരിയിലെ വ്യവസായ സ്ഥാപനം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നതായി ആരോപണം; അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിമർശനം; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും പ്രവർത്തനങ്ങൾ നിയമാനുസൃതതമെന്നും വിശദീകരിച്ച് സ്ഥാപന ഉടമ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 32 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നതായി ആരോപണം. വാർഡിൽ താമസിക്കുന്ന കൂത്തുപറമ്പ് കുപ്പക്കാട്ടിൽ സിജിയാണ് സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ഫുഡ് പ്രൊസ്സസ്സിംഗ് മെഷീനറി ഉത്പാദനത്തിനാണ് വി-ടെക് എഞ്ചിനീയറിംഗ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനം ലൈസൻസ് നേടിയിരിക്കുന്നതെന്നും എന്നാൽ വ്യാജഎണ്ണ നിർമ്മാണമാണ് ഇവിടെ നടക്കുന്നതെന്നും ഇത് ദുർഗന്ധത്തിന് കാരണമാകുകയാണെന്നും ഇത് സംബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗത്തിലും പോലീസിലും മലിനീകരണ നിയന്ത്രണ ബോർഡിലും വ്യവസായ വകുപ്പിലും പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ലെന്നും ഇവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച് തദ്ദേശവകുപ്പിന് പരാതി നൽകുമെന്നും നിയമപരമായ പോരാട്ടങ്ങൾ തുടരുമെന്നും ഇവർ അറിയിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആർക്ക് വേണമെങ്കിലും സ്ഥാപനത്തിൽ എത്തി പരിശോധിക്കാമെന്നും ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും നഗരസഭ ആരോഗ്യ വിഭാഗവും സ്ഥലത്ത് എത്തി പരിശോധനകൾ നടത്തിയിരുന്നുവെന്നും സ്ഥാപന ഉടമ പൊറത്തിശ്ശേരി ബാലപറമ്പിൽ സുധീഷ് ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ഭക്ഷ്യ സംസ്കരണത്തിന് ആവശ്യമായ യന്ത്രങ്ങളുടെ ഉത്പാദനമാണ് നടത്തുന്നതെന്നും മിഡ്ഡിൽ ഈസ്റ്റ്, ശ്രീലങ്ക എന്നിവടങ്ങളിലേക്ക് കയറ്റുമതി നടത്തുന്നുണ്ടെന്നും സ്ഥാപന ഉടമ വിശദീകരിച്ചു