ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്; നാളെ തൃപ്പുത്തരി ആഘോഷം
ഇരിങ്ങാലക്കുട : ഭക്തി സാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്.ശനിയാഴ്ച നടക്കുന്ന തൃപ്പുത്തരി സദ്യയുടെ ആവശ്യത്തിലേക്കുള്ള തണ്ടിക വെള്ളിയാഴ്ച ഉച്ചയോടെയാണ് പോട്ട പ്രവർത്തി കച്ചേരിയിൽ നിന്നും കാൽനടയായി പുറപ്പെട്ടത്. വഴി നീളെ ഭക്തജനങ്ങൾ നിലവിളക്ക് കത്തിച്ച് വച്ച് സ്വീകരിച്ചു. വൈകീട്ട് ഠാണാവിൽ നിന്നും നാദസ്വരത്തിൻ്റെ അകമ്പടിയോടെ പള്ളിവേട്ട ആൽത്തറയിൽ എത്തി തുടർന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെയാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ദേവസ്വം ചെയർമാൻ അഡ്വ കെ എ ഗോപി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 10.30 മുതൽ 12 മണി വരെയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃപ്പുത്തരി പൂജ നടത്തും. തെക്കേ ഊട്ടുപുരയിലും പടിഞ്ഞാറെ ഊട്ടുപുരയിലുമായിട്ടുള്ള തൃപ്പുത്തരി സദ്യയ്ക്ക് ആറായിരത്തോളം ഭക്തജനങ്ങൾ എത്തുമെന്നാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.