ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ തണ്ടികവരവ്, തൃപ്പുത്തരി , മുക്കുടി ആഘോഷങ്ങൾ നവംബർ 8, 9, 10 തീയതികളിൽ
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ നവംബർ 8, 9, 10 തീയതികളിൽ നടക്കുന്ന തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തൃപ്പുത്തരിയോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ നവംബർ 6 ന് രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 8 ന് ഉച്ചക്ക് 12. 30 ന് പോട്ട പ്രവർത്തി കച്ചേരിയിൽ നിന്ന് പുറപ്പെടുന്ന തണ്ടിക വൈകീട്ട് അഞ്ചിന് ഠാണാവിലും തുടർന്ന് നാദസ്വരത്തിൻ്റെ അകമ്പടിയോടെ പള്ളിവേട്ട ആൽത്തറയിലും ശേഷം പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ 6.45 ന് ക്ഷേത്രത്തിലും എത്തിച്ചേരും. 9 ന് ഊട്ടുപ്പുരകളിലായി നടക്കുന്ന തൃപ്പുത്തരി സദ്യയിൽ ആറായിരത്തോളം ഭക്തജനങ്ങൾ പങ്കെടുക്കും. വൈകീട്ട് അത്താഴപൂജയ്ക്ക് ശേഷം കലാനിലയം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും. പിറ്റേ ദിവസം രാവിലെ 7.30 മുതൽ പടിഞ്ഞാറെ നടപ്പുരയിൽ മുക്കുടി വിതരണം ആരംഭിക്കും. 2500 ലിറ്റർ തൈരിലാണ് മുക്കുടി നിവേദ്യം തയ്യാറാക്കുന്നത്. ഭരണസമിതി അംഗങ്ങളായ വി സി പ്രഭാകരൻ,അഡ്വ കെ ജി അജയകുമാർ, കെ ബിന്ദു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.