- മോചനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകൾ; റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ സിപി ഐ യുടെ പ്രതിഷേധ മാർച്ച്
- ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ നിശിത വിമർശനവുമായി സിപിഐ. കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതനിയന്ത്രണം എർപ്പെടുത്തിയപ്പോൾ നഗരസഭ പരിധിയിലെ റോഡുകളുടെ നിലവാരം ജനത്തിന് വ്യക്തമായെന്നും നമ്പർ ഇട്ടിട്ടില്ലാത്ത ചാത്തൻമാസ്റ്റർ ഹാളിൻ്റെയും ഷീ ലോഡ്ജിൻ്റെയും പേരിൽ ലജ്ജയില്ലാതെ ഉദ്ഘാടന മാമാങ്കങ്ങൾ നടത്തിയവരാണ് പട്ടണം ഭരിക്കുന്നതെന്നും ഓരോ വർഷവും കോടികളാണ് പദ്ധതി ഫണ്ട് ലാപ്സാക്കി കളയുന്നതെന്നും സിപിഐ നേതൃത്വം കുറ്റപ്പെടുത്തി.ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരായി സിപി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കൗൺസിൽ അംഗം അനിത രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.ബി ലത്തീഫ്,എ ജെ ബേബി എന്നിവർ സംസാരിച്ചു. സി പി ഐ മണ്ഡലം അസി:സെക്രട്ടറി എൻ.കെ ഉദയപ്രകാശ് സ്വാഗതവും ടൗൺ ലോക്കൽ സെക്രട്ടറി കെ.എസ് പ്രസാദ് നന്ദിയും പറഞ്ഞു.വി ആർ രമേഷ്, പി.ആർ രാജൻ, ഇ.ജി നെജിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.