വീട് കയറി ആക്രമണം; ഒളിവിലായിരുന്ന കരുവന്നൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : വീട് കയറി കുടുംബത്തെ ആക്രമിച്ച കേസ്സിൽ പ്രതിയായ കരുവന്നൂർ സ്വദേശി കുന്നമ്മത്ത് വീട്ടിൽ അനൂപിനെയാണ് (28 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.
കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കരുവന്നൂർ സ്വദേശിയായ സൗമീഷിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ച കേസ്സിലാണ് അറസ്റ്റ്. 2024 ജൂലൈ 21 ന് ആയിരുന്നു സംഭവം. മദ്യലഹരിയിൽ സ്കൂട്ടറോടിച്ച് പരാതിക്കാരൻ്റെ വീടിൻ്റെ ഗെയ്റ്റ് ഇടിച്ചു തുറന്ന് അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. ഇയാളുടെ ആക്രമണത്തിൽ പരാതിക്കാരൻ്റെ ഭാര്യയ്ക്കും അമ്മയ്ക്കും ചെറിയ കുട്ടിക്കും പരുക്കേറ്റിരുന്നു. സംഭവശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്തു മുങ്ങിയ അനൂപ് പലസ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചയാണ് പെരുമ്പാവൂരിൽ ഇയാൾ ഒളിച്ചു താമസിച്ച കെട്ടിടം പോലിസ് കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിലാണ് ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്.
മയക്കുമരുന്ന്, കൊലപാതക ശ്രമം, ആംസ് ആക്ട് അടക്കവുള്ള കേസ്സുകളിൽ പ്രതിയാണ് പിടിയിലായ അനൂപ്.
ഇരിങ്ങാലക്കുട മതിലകം, കൊടകര സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ പ്രതിയാണ് ഇയാൾ.
ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. ആൽബി തോമസ്, മുഹമ്മദ് റാഷി, ഇ.എൻ.സതീശൻ, സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, രാഹുൽ അമ്പാടൻ, സി.പി.ഒ കെ.എസ്.ഉമേഷ്, പി.കെ.കമൽ കൃഷ്ണ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു.