തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ സ്വകാര്യബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിയന്ത്രിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി; റോഡ് നിർമ്മാണത്തിൻ്റെ പേരിലുള്ള ഗതാഗത നിയന്ത്രണങ്ങളിൽ വ്യക്തത വേണമെന്നും വികസനസമിതി

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ സ്വകാര്യബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിയന്ത്രിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി; റോഡ് നിർമ്മാണത്തിൻ്റെ പേരിലുള്ള ഗതാഗത നിയന്ത്രണങ്ങളിൽ വ്യക്തത വേണമെന്നും വികസനസമിതി

ഇരിങ്ങാലക്കുട: തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത തടയാനും അപകടങ്ങൾ ഒഴിവാക്കാനും പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും നേത്യത്വത്തിൽ സ്ഥിരം സംവിധാനം വേണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. റൂട്ടിൽ വർധിച്ച് വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കരുവന്നൂരിനും മാപ്രാണത്തിനും ഇടക്കുള്ള സ്ഥലത്ത് അഞ്ച് അപകടങ്ങളും രണ്ട് മരണങ്ങളും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും കാൽനടക്കാർക്ക് പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണെന്നും യോഗത്തിൽ കോൺഗ്രസ്സ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി ചൂണ്ടിക്കാട്ടി. റോഡ് പണിയുടെ പേരിലുള്ള ഗതാഗത നിയന്ത്രണങ്ങളിൽ വ്യക്തത വേണമെന്നും യോഗം ആവശ്യപ്പെട്ടു. റൂട്ടില്‍ പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും നിരീക്ഷണം ശക്തമാക്കണമെന്ന് എംപി യുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ടയും ആവശ്യപ്പെട്ടു.കാട്ടൂര്‍ പഞ്ചായത്തില്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌റ്റേറ്റിലെ രാസ മാലിന്യം സമീപ വീടുകളിലെ കിണറുകളിലേക്ക് കലര്‍ന്ന് കുടിവെള്ളം ഉപയോഗ ശൂന്യമാകുന്ന വിഷയം യോഗത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന്‍ ഉന്നയിച്ചു. കാട്ടൂര്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥപനങ്ങളെ സംബന്ധിച്ച് പഞ്ചായത്തിനു യാതൊരു അധികാരമില്ലാത്ത സ്ഥിതിയാണുള്ളത്. അവിടന്നുണ്ടാകുന്ന മാലിന്യങ്ങള്‍ മൂലം സമീപവാസികളുടെ വിമര്‍ശനം കേള്‍ക്കേണ്ടിവരുന്നത് പഞ്ചായത്ത് അധികൃതരാണെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുമതി വാങ്ങുവാന്‍ ആവശ്യപ്പെടാമെന്നുള്ള വ്യവസായ വകുപ്പ് ഉദ്യോഗസ്ഥയുടെ മറുപടി യോഗത്തില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഈ സംഭവത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള നിര്‍ദേശത്തിനുപകരം ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിറുത്തി വക്കുന്നതിനാവശ്യമായ നടപടികളാണ് ഉണ്ടാകേണ്ടതെന്ന് യോഗം ചൂണ്ടിക്കാട്ടി. കരുവന്നൂര്‍ ചേലക്കടവ് കോളനിയിലെ പുറംമ്പോക്കിലെ വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയയുടെ സാന്നിധ്യം ഒഴിവാക്കണമെന്നും ഈ കാര്യത്തില്‍ പോലീസും എക്‌സൈസും അതീവ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പുറംമ്പോക്കിലെ ഈ വീടുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കാറളം ആലുംപറമ്പ് ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു മുന്നില്‍ മുറിച്ചിട്ട ആല്‍മരകൊമ്പുകളും വിവിധ റോഡുകളില്‍ കൂട്ടിയിട്ടിരിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളും നീക്കം ചെയ്യണമെന്ന് കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയില്‍ ഷീലോഡ്ജ് പ്രവര്‍ത്തനം ഉടനെ ആരംഭിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് പറഞ്ഞു. നഗരസഭ ബസ് സ്റ്റാന്‍ഡിലെ കെട്ടിടങ്ങളില്‍ സാമൂഹികവിരുദ്ധരുടെ ശല്യം ഏറിവരുകയാണ് ഗോവണികളിലും മറ്റും വിദ്യര്‍ഥികളടക്കം ഉള്ളവര്‍ തമ്പടിച്ച് നില്‍ക്കുന്നത് പലര്‍ക്കും ശല്യമായിട്ടുണ്ടെന്നും ഈ കാര്യത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, തഹസില്‍ദാര്‍ കെ.എം. സിമേഷ് സാഹു, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മുര്‍ഷിദ്, സാം തോംസണ്‍, കെ.എ. റിയാസുദ്ദീന്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: