” പച്ച ” ഊർജ്ജ പ്രചരണത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമായി; ലക്ഷ്യമിടുന്നത് ജില്ലയിൽ ആയിരം പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ
ഇരിങ്ങാലക്കുട :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റിയും ഐആർടിസി സ്ഥാപനമായ പിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന “പച്ച” ഊർജ്ജ ക്യാമ്പയിന് തുടക്കമായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല സെക്രട്ടറി എം .എ .ഉല്ലാസ് മാസ്റ്ററുടെ വസതിയിൽ സ്ഥാപിച്ച പുരപ്പുറ ഊർജ്ജനിലയത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലയിൽ 3 കിലോ വാട്ട് ശേഷിയുള്ള ആയിരം പുരപ്പുറ സൗരോർജ്ജനിലയങ്ങൾ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.
ഹരിതോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനും അതുവഴി കാർബൺ പാദം മുദ്ര ലഘൂകരിച്ച് കേരളത്തിന്റെ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പച്ച ഊർജ്ജ ക്യാമ്പയിൻ ആരംഭിച്ചത്.
പരിഷത്ത് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് പ്രൊഫ.സി. വിമല അധ്യക്ഷത വഹിച്ചു.കെ.എസ്.ഇ.ബി ഇരിങ്ങാലക്കുട ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനി ഫ്രാൻസിസ് ,കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്,പരിഷത്ത് ജില്ലാ സെക്രട്ടറി അഡ്വ. ടി.വി. രാജു ,ഊർജ്ജ ക്യാമ്പയിൻ കൺവീനർ ഒ.എൻ.അജിത് കുമാർ, പരിഷത്ത് മേഖലാ സെക്രട്ടറി എം. എ. ഉല്ലാസ് എന്നിവർ സംസാരിച്ചു . പ്രൊഡക്ഷൻ സെന്റർ സെക്രട്ടറി എം.ഹരീഷ് കുമാർ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു.