സാനിറ്റേഷൻ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച അജണ്ട പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗം മാറ്റി വച്ചു; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും പ്രതിപക്ഷം…

സാനിറ്റേഷൻ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച അജണ്ട പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗം മാറ്റി വച്ചു; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും പ്രതിപക്ഷം.
ഇരിങ്ങാലക്കുട : നഗരസഭയിലെ സാനിറ്റേഷൻ വർക്കർമാരുടെ തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കൂടികാഴ്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നഗരസഭ യോഗം മാറ്റിവച്ചു. പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ തുടർന്ന് നേരത്തെ മാറ്റി വച്ച ലിസ്റ്റിൽ നിന്നുള്ള ഒൻപത് പേർ തന്നെയാണ് പുതിയ ലിസ്റ്റിലും ഇടം
പിടിച്ചിരിക്കുന്നതെന്നും ലിസ്റ്റ് സുതാര്യമല്ലെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ലിസ്റ്റിനെ ബിജെപിയിലെ എട്ട് അംഗങ്ങളും എതിർക്കുകയാണെന്ന് പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനും പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ വിയോജിപ്പ് സഹിതം ലിസ്റ്റ് അംഗീകരിക്കുകയാണെന്ന് തുടർന്ന് ചെയർ പേഴ്സൺ പ്രഖ്യാപിച്ചു. 41 അംഗ ഭരണ സമിതിയിൽ 17 പേർ മാത്രമുള്ള ഭരണകക്ഷിക്ക് അജണ്ട പാസ്സാക്കാൻ കഴിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷം വിഷയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ലിസ്റ്റ് റദ്ദാക്കണമെന്നും സത്യസന്ധമായി അഭിമുഖം നടത്തണമെന്നും പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും അഭിമുഖത്തിനായുള്ള ബോർഡിൽ ഉണ്ടായിരുന്നുവെന്ന് ചെയർപേഴ്സൺ വാദിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. നഗരസഭയിൽ സാനിറ്റേഷൻ ജീവനക്കാരുടെ കുറവുണ്ടെന്നും എതിർപ്പിൻ്റെ കാരണം വ്യക്തമല്ലെന്നും വോട്ടെടുപ്പിന് തടസ്സമില്ലെന്നും സെക്രട്ടറി എം എച്ച് ഷാജിക്ക് വിശദീകരിച്ചു. എന്നാൽ പ്രതിപക്ഷം നിലപാടിൽ ഉറച്ച് നിന്നതോടെ അജണ്ട പാസ്സാക്കുന്നില്ലെന്ന് ചെയർപേഴ്സൺ പ്രഖ്യാപിച്ചു.
ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോ മൈനിംഗ് പൂർത്തീകരണം, ഇൻസിനേറ്റർ സ്ഥാപിക്കൽ എന്നിവ സംബന്ധിച്ച അജണ്ടകളിലും യോഗത്തിൽ വിമർശനങ്ങൾ ഉയർന്നു. ട്രഞ്ചിംഗ് ഗ്രൗണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സി സി ഷിബിനും എങ്ങനെയാണ് മാലിന്യങ്ങൾ വേർതിരിക്കേണ്ടതെന്ന് ജീവനക്കാർക്ക് അറിയാത്ത അവസ്ഥയാണെന്നും കെട്ടിക്കിടക്കുന്ന വളം ദുർഗന്ധത്തിനും ഈച്ച ശല്യത്തിനും കാരണമായിട്ടുണ്ടെന്ന് ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്തും പറഞ്ഞു. പദ്ധതികൾ കടലാസിൽ പാസ്സാക്കിയിട്ട് കാര്യമില്ലെന്നും ഇൻസിനേറ്റർക്ക് വേണ്ടി ഇതിനകം വലിയ തുകയാണ് പ്ലാൻ ഫണ്ടിൽ നിന്ന് ചിലവഴിച്ച് കഴിഞ്ഞിരിക്കുന്നതെന്നും അഡ്വ ജിഷ ജോബിയും ചൂണ്ടിക്കാട്ടി. ട്രഞ്ചിംഗ് ഗ്രൗണ്ട് മതിൽ കെട്ടി സംരക്ഷിക്കുന്ന കാര്യങ്ങൾ പത്ത് വർഷം മുമ്പ് ഇതേ ചെയർപേഴ്സൻ്റെ കാലഘട്ടത്തിൽ താൻ ആവശ്യപ്പെട്ടിരുന്നതാണെന്ന് സന്തോഷ് ബോബനും പറഞ്ഞു. മാലിന്യങ്ങൾ നീക്കാൻ ക്ലീൻ കേരള കമ്പനിയുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും ഗ്രൗണ്ട് മതിൽ കെട്ടി സംരക്ഷിക്കുമെന്നും ചെയർ പേഴ്സൺ വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു. കരുവന്നൂർ ബംഗ്ലാവിന് അടുത്തുള്ള ചേലക്കടവ് പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഇവിടെ അടഞ്ഞ് കിടക്കുന്ന വീടുകൾ പൊളിച്ച് നീക്കാൻ നടപടികൾ സ്വീകരിക്കണമെന്നും വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ, ടി കെ ഷാജു, അൽഫോൺസ തോമസ് എന്നിവർ ആവശ്യപ്പെട്ടു .
യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

Please follow and like us: