തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും അപകടങ്ങളും; റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശത്തിൽ നടപടികൾ ഉണ്ടായില്ലെന്ന വിമർശനവുമായി ബസ്സുടമകൾ.
ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലുർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കും അപകടങ്ങൾക്കും പരിഹാരമായി റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ട് വച്ച് ബസ്സുടമകൾ. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ റൂട്ടിലെ റോഡ് നവീകരണ പ്രവൃത്തികളും ഇതിൻ്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ റണ്ണിംഗ് ടൈമിൽ ചെറിയ മാറ്റം വരുത്തിയാൽ പോലും പരിഹാരമാകില്ലെന്ന് ബസ്സുടമകൾ ചൂണ്ടിക്കാട്ടുന്നു. ബസ്സുകളുടെ അമിത വേഗത ചർച്ച ചെയ്യാൻ 2023 ജൂലൈ 23 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലും തുടർന്ന് ആഗസ്റ്റ് 3 ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലും യോഗങ്ങൾ ചേർന്നിരുന്നു . പുതിയ സമയക്രമങ്ങൾ നിർദ്ദേശിക്കുവാൻ അധികൃതർ നിർദ്ദേശിച്ചത് അനുസരിച്ച് റോഡിൻ്റെ വീതിയും തിരക്കും അനുസരിച്ച് റണ്ണിംഗ് ടൈമിൽ വ്യത്യാസങ്ങൾ വരുത്തുന്ന ഡീ ത്രീ സമ്പ്രദായം നടപ്പിലാക്കാമെന്ന് തുടർന്ന് തൃശ്ശൂരിൽ ചേർന്ന യോഗങ്ങളിലും ബസ്സുടമകളുടെ അസോസിയേഷൻ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ മുമ്പിൽ നിർദ്ദേശം വച്ചിരുന്നു. എന്നാൽ ഈ റൂട്ടിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ കൂടുതൽ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ വന്നതോടെ സമയക്രമത്തിലെ ചെറിയ മാറ്റങ്ങളും പ്രയോഗികമാകില്ലെന്ന് ബസ്സുടമകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് നിലവിൽ സർവീസ് നടത്തുന്ന 115 ബസ്സുകളുടെ എണ്ണം പകുതിയായി കുറയ്ക്കാമെന്നും സർവീസ് നടത്തുന്ന ബസ്സുകൾ തമ്മിലുളള ഇടവേള കൂട്ടാമെന്നും ബസ്സുടമകൾ ചൂണ്ടിക്കാണിക്കുന്നത്. എകപക്ഷീയമായ ഗതാഗത നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം 21 ന് നടത്തിയ പണിമുടക്ക് സമരവേളയിൽ അധികൃതരുടെ മുന്നിൽ ഈ നിർദ്ദേശം വച്ചതാണെന്നും നടപടികൾ ഉണ്ടായില്ലെന്നും ജില്ലാ ഭരണകൂടം ഇടപെടേണ്ടതുണ്ടെന്നും അസോസിയേഷൻ തന്നെ വ്യക്തമാക്കുന്നുണ്ട്. റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള കാർ പാർക്കിംഗ് തടയാൻ പോലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിൽ ഒറ്റവരി ഗതാഗതമാണ് നിഷ്കർഷിച്ചിട്ടുള്ളതെങ്കിലും ഇരുചക്ര വാഹനങ്ങളും ഓട്ടോയും കടത്തിവിടുന്ന സാഹചര്യമുണ്ടെന്നും സ്വകാര്യ ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്