2028 ഓടെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി കേരളം നടപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി; പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ പിന്തുണയോടെ….

2028 ഓടെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി കേരളം നടപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി; പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ പിന്തുണയോടെ

ഇരിങ്ങാലക്കുട: അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി കേരളം നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ കെഎഫ്എല്‍ ആസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്സ് (കെഎഫ്എല്‍) നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

 

കേരളത്തിലെ കറവപ്പശുക്കളില്‍ 95 ശതമാനവും സങ്കരയിനം പശുക്കളാണെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തീറ്റയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന കേരള ഫീഡ് ആക്ട് ബില്ലില്‍ നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുന്നതിന് വ്യവസ്ഥകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒമ്പത് കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയായിരുന്നു. കെഎഫ്എൽ ചെയർമാൻ കെ ശ്രീകുമാർ, മാനേജിംഗ് ഡയറക്ടർ ഡോ ബി ശ്രീകുമാർ,

കെഎഫ്എല്‍ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ ആര്‍ ജോജോ, ആര്‍ട്കോ മാനേജിങ് ഡയറക്ടര്‍ മാത്യു സി.വി, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം പി കെ ഡേവിസ് മാസ്റ്റര്‍, മാള ബ്ലോക്ക് പഞ്ചാത്തംഗം സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമപഞ്ചായത്തംഗം ഓമന ജോര്‍ജ്ജ്, തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Please follow and like us: