കരുവന്നൂർ ചെറിയ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ കരുവന്നൂർ സ്വദേശി മരിച്ചു;ബസ്സിൻ്റെ അമിത വേഗത അപകടകാരണമെന്ന് നാട്ടുകാർ; ബസ്സുകൾ തടഞ്ഞും വഴി തിരിച്ച് വിട്ടും പ്രതിഷേധം
ഇരിങ്ങാലക്കുട : തൃശ്ശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരുവന്നൂർ ചെറിയ പാലത്തിന് സമീപം വീണ്ടും വാഹനപകടം. അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിലിടിച്ച് കരുവന്നൂർ സ്വദേശി മരിച്ചു . കരുവന്നൂർ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടിൽ നിജു ജോണി (54 വയസ്സ്) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ഇരിങ്ങാലക്കുടയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ദേവമാത ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ നിന്നും വന്ന കാറിൽ കൂട്ടിയിടിക്കുകയായിരുന്നു .അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ജെസിബി കൊണ്ട് വന്ന് കാർ വെട്ടിപ്പൊളിച്ചാണ് കാറിൽ ഉണ്ടായിരുന്ന നിജുവിനെ പുറത്തെടുത്ത് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ ഇത് വഴി വന്ന ബസ്സുകൾ വഴി തിരിച്ച് വിട്ടു. ബസ്സുകളുടെ അമിത വേഗതയെക്കുറിച്ച് നിരവധി തവണ ആർടിഒ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ലെന്നും റൂട്ടിൽ റോഡ് പണികൾ നടക്കുന്ന സാഹചര്യത്തിൽ പുതിയ സമയക്രമം നൽകാൻ അധികാരികൾ തയ്യാറാവുന്നില്ലെന്നും നാട്ടുകാർ വിമർശിച്ചു.
ഇറ്റലിയിൽ ജോലി ചെയ്യുന്ന നിജു അവധി കഴിഞ്ഞ് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് അപകടം. റോസിയാണ് അമ്മ . ജിതി ഭാര്യയും അമൽ, അലീന എന്നിവർ മക്കളുമാണ്.