ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിൻ്റെ പേരിൽ ഇരിങ്ങാലക്കുട ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥന് വധഭീഷണി; മണ്ണുത്തി പോലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു
ഇരിങ്ങാലക്കുട : ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിൻ്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ഭീഷണി. ഇരിങ്ങാലക്കുട ആർടിഒ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കൾസ് ഇൻസ്പെക്ടർ ഒല്ലൂക്കര കൈനിക്കാട്ട് വീട്ടിൽ ശ്രീകാന്ത് (33 വയസ്സ്) നെയാണ് ഈ മാസം ഒക്ടോബർ 18 ന് തിരുവാണിക്കാവിൽ ഉള്ള വീട്ടിൽ ഇന്നോവ കാറിൽ എത്തിയ മൂന്നംഗ സംഘം ഗേറ്റിൽ കുലുക്കി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. തൃശ്ശൂർ – ആമ്പല്ലൂർ – വരാക്കര റൂട്ടിൽ സർവീസ് നടത്തുന്ന KL-38 1921 നമ്പറിലുള്ള ബസ് ഫിറ്റ്നസ് നൽകാൻ നിർവാഹമില്ലെന്ന് അറിയിച്ചതിൻ്റെ പേരിൽ ബസിൻ്റെ കൈവശാവകാശി ജെൻസൻ ഓഫീസിൽ എത്തി സ്വാധീനിക്കാൻ ശ്രമിച്ചതായും വഴങ്ങാത്തതിൻ്റെ പേരിൽ വൈരാഗ്യം തീർക്കാൻ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും കാണിച്ച് ഉദ്യോഗസ്ഥൻ മണ്ണുത്തി പോലീസിൽ പരാതി നൽകി. അറ്റകുറ്റപ്പണികൾ നടത്താതെയാണ് വണ്ടി ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കിതെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണുത്തി സ്വദേശി ജെൻസൻ, പുത്തൂർ സ്വദേശി ബിജു, എന്നിവർക്കും കണ്ടാൽ അറിയാവുന്ന ഒരാൾക്കുമെതിരെ പോലീസ് കേസെടുത്തു