തകർന്ന് കിടക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ പുനർനിർമ്മാണത്തിന് പ്രഥമപരിഗണനയെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ; ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ -പൂതംക്കുളം റോഡ് നവീകരണവിഷയത്തിൽ നഗരസഭയെ പഴിചാരിയുള്ള കെഎസ്ടിപി യുടെ നിലപാട് ശരിയല്ലെന്നും വിമർശനം.
ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകൾ പുനർനിർമ്മിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി. പ്രസ് ക്ലബിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ചെയർപേഴ്സൺ. തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നവീകരണത്തിൻ്റെ ഭാഗമായി നടക്കുന്ന ക്രൈസ്റ്റ് കോളേജ് – പൂതംക്കുളം റോഡ് നിർമ്മാണ പ്രവർത്തനം നീളുന്നതിന് നഗരസഭയെ പഴിക്കുന്ന കെഎസ്ടിപി നിലപാട് ശരിയല്ല. നഗരസഭ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഒരു അറിയിപ്പും മുൻകൂട്ടി ലഭിച്ചിട്ടില്ല. മന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യം വിശദീകരിച്ചതിന് ശേഷം കത്ത് ലഭിച്ചത് ഒക്ടോബർ 5 ന് മാത്രമാണ്. ബൈപ്പാസ് റോഡിൻ്റെ അറ്റകുറ്റപ്പണികളുടെ ടെണ്ടർ ആയിട്ടുണ്ട്. ബൈപ്പാസ് റോഡിനെയും ബ്രദർ മിഷൻ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിൻ്റെ സ്കെച്ച് തയ്യാറാക്കി വരികയാണ്. നേരത്തെ ഉദ്ഘാടനം പൂർത്തിയായ ഷീ ലോഡ്ജിൻ്റെ ബൈലോ തയ്യാറാകേണ്ടതുണ്ട്. വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിൻ്റെ സഹകരണം ഉറപ്പാക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു വൈസ്-ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ, ഭരണകക്ഷി അംഗങ്ങൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു