എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി…

എടിഎം കൊള്ള; പ്രതികളെയും കൊണ്ട് മാപ്രാണത്ത് എത്തി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.

ഇരിങ്ങാലക്കുട : മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. മെഷീന്‍ തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ മാസം 27 ന് പുലർച്ചെയാണ് അന്തർ സംസ്ഥാന സംഘം എടിഎം തകർത്ത് 35 ലക്ഷം രൂപയോളം കവർന്നത്. അഞ്ച് പ്രതികളെ വൻപോലീസ് സന്നാഹത്തോടെ ബസ്സിലാണ് ബുധനാഴ്ച നാല് മണിയോടെ മാപ്രാണത്ത് എത്തിച്ചത്. ഇവരിൽ ഇര്‍ഫാന്‍ (32), സാബിര്‍ ഖാന്‍ (26), മുഹമ്മദ് ഇക്രം (42) എന്നീ പ്രതികളെയാണ് പോലീസ് വണ്ടിയില്‍ നിന്നിറക്കി തെളിവെടുത്തത്. റൂറൽ എസ്പി നവനീത് ശർമ്മ, ഡിവൈഎസ്പി കെ ജി സുരേഷ്, സി ഐ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കൃത്യം നടത്തിയ രീതിയും ഇതിനായി എത്തിച്ചേർന്ന വഴികളും പ്രതികൾ പോലീസിനോട് വിവരിച്ചു.

ബ്ലോക്ക് റോഡില്‍ കാർ നിറുത്തി ഇറങ്ങി തൊട്ടടുത്ത ഇറച്ചിക്കടയ്ക്ക് മുന്നിലെ സി.സി.ടി.വി.യും പിന്നാലെ എ.ടി.എം. കൗണ്ടറിനുളളിലെ ക്യാമറകളും സ്പ്രേ പെയിന്റ് അടിച്ച് ശേഷമാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം. കൗണ്ടര്‍ പൊളിച്ച് പണം കവര്‍ന്നത്.എ.ടി.എം. കൗണ്ടറിന് പിറകിലെ മുറിയില്‍ സ്ഥാപിച്ചിരുന്ന ഡി.പി.ആറും സംഘം എടുത്തു. തുടര്‍ന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോയതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. അരമണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിന് ശേഷം പോലീസ് പ്രതികളേയും കൊണ്ട് മടങ്ങി. പ്രതികളെ കൊണ്ട് വരുന്നതിന് അറിഞ്ഞ് നാട്ടുകാരും ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഒട്ടേറെ പേർ സ്ഥലത്ത് എത്തിയിരുന്നു.

Please follow and like us: