ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണസാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയിക്ക്; ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ; തിരഞ്ഞെടുപ്പിൽ ഒരു എൽഡിഎഫ് അംഗത്തിൻ്റെയും എഴ് ബിജെപി അംഗങ്ങളുടെയും വോട്ട് അസാധുവായി; യുഡിഎഫ് – എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി ബിജെപി …

ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണസാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയിക്ക്; ചെയർപേഴ്സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണ; തിരഞ്ഞെടുപ്പിൽ ഒരു എൽഡിഎഫ് അംഗത്തിൻ്റെയും എഴ് ബിജെപി അംഗങ്ങളുടെയും വോട്ട് അസാധുവായി; യുഡിഎഫ് – എൽഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി ബിജെപി

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ സാരഥ്യം യുഡിഎഫിലെ മേരിക്കുട്ടി ജോയ്ക്ക്. ചൊവ്വാഴ്ച പകൽ 11 ന് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി മേരിക്കുട്ടി ജോയ്ക്ക് 17 ഉം എൽഡിഎഫ് സ്ഥാനാർഥി അഡ്വ കെ ആർ വിജയയ്ക്ക് 15 ഉം വോട്ട് ലഭിച്ചു. എട്ട് വോട്ടുകൾ അസാധുവായി . മേരിക്കുട്ടി ജോയ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ ( എൽ ആൻ്റ് എ ) കെ ശാന്തകുമാരി പ്രഖ്യാപിച്ചു. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണപ്രകാരം സുജ സഞ്ജീവ്കുമാർ ചെയർപേഴ്സൺ സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 41 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 17 നും എൽഡിഎഫിന് 16 ഉം ബിജെപി ക്ക് 8 ഉം അംഗങ്ങൾ ആണുള്ളത്. ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ ഇത് അനുസരിച്ച് യുഡിഎഫ് സ്ഥാനാർഥി മേരിക്കുട്ടി ജോയ്ക്ക് 17 ഉം എൽഡിഎഫ് സ്ഥാനാർഥി അഡ്വ കെ ആർ വിജയക്ക് 16 ഉം ബിജെപി സ്ഥാനാർഥി സ്മിത കൃഷ്ണകുമാറിന് 8 ഉം വോട്ട് ലഭിച്ചു. രണ്ടാം റൗണ്ടിൽ ബിജെപി യുടെ എഴ് അംഗങ്ങളുടെയും എൽഡിഎഫിലെ ഒരംഗത്തിൻ്റെയും അടക്കം 8 വോട്ടുകൾ അസാധുവായി . എൽഡിഎഫ് സ്ഥാനാർഥി അഡ്വ കെ ആർ വിജയ ബാലറ്റ് പേപ്പറിന് പുറകിൽ ഒപ്പിടാഞ്ഞത് കൊണ്ട് വോട്ട് അസാധുവായി . ആരോഗ്യപരമായ കാരണത്താൽ രണ്ടാം റൗണ്ടിൽ ബിജെപി അംഗം സരിത സുഭാഷ് വോട്ടെടുപ്പിൽ പങ്കെടുക്കാതെ നേരത്തെ മടങ്ങി. ബിജെപി യുടെ എഴ് അംഗങ്ങൾ രണ്ടാം റൗണ്ടിൽ വോട്ട് രേഖപ്പെടുത്തിയില്ല. ഇതോടെയാണ് എട്ട് വോട്ടുകൾ അസാധു പട്ടികയിൽ ഇടം പിടിച്ചത്. നിലവിലെ ഭരണസമിതിയുടെ അവശേഷിക്കുന്ന പന്ത്രണ്ട് മാസങ്ങളുടെ ഭരണ സാരഥ്യമാണ് പതിനേഴാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മേരിക്കുട്ടി ജോയിയിൽ വന്ന് ചേർന്നിരിക്കുന്നത്. 2010-2015 ഭരണസമിതിയിൽ 2014 മെയ് 12 മുതൽ ഒക്ടോബർ 31 വരെയും മടത്തിക്കര വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മേരിക്കുട്ടി ജോയ് ചെയർപേഴ്സൺ സ്ഥാനം വഹിച്ചിട്ടുണ്ട്. പതിനാല് വർഷത്തെ സേവനത്തിന് ശേഷം 2023 ജൂണിൽ സഹകരണ ആശുപത്രി ഡെപ്യൂട്ടി നഴ്സ് മാനേജർ ആയി വിരമിച്ചു. വെറ്ററിനറി സർവകലാശാല റിട്ട. അസി. രജിസ്ട്രാർ ജോയ് മുണ്ടാടൻ ആണ് ഭർത്താവ്. ഐ ടി ഉദ്യോഗസ്ഥ അമേന്ദ മകളും ആഷീഷ് കുര്യൻ (ഇൻഡസ് ബാങ്ക്, മുബൈ) മരുമകനുമാണ്. ചെയർപേഴ്സൺ ആയി ചുമതലയേറ്റ മേരിക്കുട്ടി ജോയിക്ക് വൈസ്-ചെയർമാൻ ബൈജു കുറ്റിക്കാടൻ, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ അഭിനന്ദനങ്ങൾ നേർന്നു. അതേ സമയം ഒരു എൽഡിഎഫ് അംഗത്തിൻ്റെ വോട്ട് അസാധുവായത് നഗരസഭയിലെ എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിൻ്റെ തെളിവാണെന്നും വരും ദിവസങ്ങളിൽ ഇതിനെതിരെ സമരം സംഘടിപ്പിക്കുമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു.

Please follow and like us: