ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ ഗംഗ ‘ ശ്രദ്ധേയമായി; അവതരണം കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത-സംഗീതോൽസവപരിപാടികളുടെ ഭാഗമായി
ഇരിങ്ങാലക്കുട : ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ഗംഗ ‘ ശ്രദ്ധേയമായി. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ നവരാത്രി നൃത്ത-സംഗീതോൽസവത്തിൻ്റെ ഭാഗമായിട്ടാണ് തൃശ്ശൂർ കുറ്റിമുക്കുള്ള ശിവരഞ്ജിനി ബാലാജി കലാഭവൻ നൃത്ത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ടു നിന്ന നൃത്ത നാടകം അവതരിപ്പിച്ചത്. മഹാഭാരതയുദ്ധത്തിൽ മക്കൾ മരിച്ച അമ്മമാരുടെ വേദനകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പതിനെട്ട് ദിവസത്തെ കുരുക്ഷേത്രയുദ്ധത്തിന് ശേഷം നിണമണിഞ്ഞ യുദ്ധഭൂമിയിൽ നൂറ്റൊന്ന് മക്കളും നഷ്ടപ്പെട്ട ഗാന്ധാരിയും കൃഷ്ണനും തമ്മിലുള്ള സംഭാഷണത്തോടെയാണ് നൃത്തനാടകം ആരംഭിക്കുന്നത്. യുദ്ധത്തിൻ്റെ ശരി തെറ്റുകളുടെയും വ്യർത്ഥതയുടെയും വിചാരണ കൂടിയായി ഗംഗ മാറുമ്പോൾ, ഏറ്റവും സമകാലീനമായി കൂടി നൃത്തനാടകം മാറുന്നു. മക്കൾ നഷ്ടപ്പെട്ട സുഭദ്ര, ഭാനുമതി, ഹിഡുംബി , ഭീഷ്മരുടെ അമ്മയായ ഗംഗ എന്നിവരിലേക്കും കഥ നീളുന്നു. മഹാഭാരത കഥയുടെ വരികൾക്കിടയിൽ നിന്നും പുതിയ സാധ്യതകൾ തേടുകയായിരുന്നുവെന്ന് സംവിധായകൻ മിഥുൻ മലയാളം പറയുന്നു. അരങ്ങിലും അണിയറയിലുമായി 75 ഓളം പേരാണ് നൃത്ത നാടകത്തിലുള്ളത് . ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ പ്രത്യേക വേദിയിൽ നിറഞ്ഞ സദസ്സിലാണ് പരിപാടിയുടെ അവതരണം നടന്നത്.