കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ.
ഇരിങ്ങാലക്കുട :കോടികളുടെ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയ കേസ്സിൽ ഇരിങ്ങലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ എണ്ണ ദിനേശൻ എന്ന ദിനേശനെ (54 വയസ്സ്) തൃശൂർ റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.
കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റു ചെയ്തു. എറണാകുളം തമ്മനം സ്വദേശിയായ മധ്യവയസ്കന് ബിസിനസ്സ് ആവശ്യത്തിനായി ഒരു കോടി രൂപ ലോൺ ശരിയാക്കാമെന്നു പറഞ്ഞ് സമീപിച്ച ദിനേശൻ കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ പലപ്പോഴായി മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ പ്രൊസസ്സിംങ്ങ് ചാർജ്ജ് ഇനത്തിൽ കൈപ്പിറ്റി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ലോൺ ശരിയാക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല. വീണ്ടും ഓരോ കാര്യങ്ങൾ പറഞ്ഞ് സമയം നീട്ടിയതോടെയാണ് ദിനേശൻ്റെ തട്ടിപ്പു കഥകൾ പരാതിക്കാരൻ അറിയുന്നത്. ആവശ്യക്കാരെ വിശ്വാസത്തിലെടുക്കാൻ പ്രൗഡിയോടെ ആഡംബര കാറുകളിൽ സഞ്ചരിച്ചാണ് തട്ടിപ്പിനായി എത്തിയിരുന്നത്. പണം അക്കൗണ്ട് വഴി വാങ്ങാതെ നേരിട്ടു മാത്രമാണ് കൈപ്പറ്റുക. തൻ്റെ അക്കൗണ്ടിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണെന്നും അതിനാൽ ഇൻകംടാക്സ്, ഇ.ഡി മുതലായ ഏജൻസികളുടെ അന്വേഷണം വരുമെന്നാണ് ഇതിന് കാരണമായി കസ്റ്റമേഴ്സിനെ പറഞ്ഞ് പറ്റിച്ചിരുന്നത്.
കൊടുങ്ങല്ലൂർ സ്റ്റേഷനിൽ റിപ്പോർട്ടായ മറ്റൊരു കേസ്സിൽ ഒളിവിലായിരുന്ന ദിനേശൻ കോടതിയിൽ നിന്ന് ജാമ്യം നേടി വെള്ളിയാഴ്ച കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഹാജരായി. എന്നാൽ ഇരിങ്ങാലക്കുടയിൽ വഞ്ചനാ കേസ്സ് രജിസ്റ്റർ ചെയ്തത് ഇയാൾ അറിഞ്ഞിരുന്നില്ല. തുടർന്ന്
ഇരിങ്ങാലക്കുട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലേക്ക് അറസ്റ്റുചെയ്യുകയായിരുന്നു.
അറസ്റ്റിലായ ദിനേശൻ ഇരിങ്ങാലക്കുട സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. വഞ്ചനാ കേസ്സുകളടക്കം ഇരിങ്ങാലക്കുട
കൊടുങ്ങല്ലൂർ സ്റ്റേഷനുകളിലായി വിവിധ കേസ്സുകളിൽ പ്രതിയാണ് ദിനേശൻ. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിച്ചു.
എസ്. ഐ ആൽബി തോമസ്, സി.എം.ക്ലീറ്റസ്, സീനിയർ സി.പി.ഒ കെവി.സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.