ഫ്ലവർമിൽ ജീവനക്കാരിയുടെ മാലപൊട്ടിച്ചു കടന്ന വിരുതൻ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ
ചാലക്കുടി : ചാലക്കുടി കിഴക്കേ പോട്ടയിൽ യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ പിടിയിലായി.ചാലക്കുടി മഠത്തി പറമ്പിൽ നന്ദിനി മകൻ രാജൻ (35 വയസ് ) എന്നയാളെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. കിഴക്കേ പോട്ടയിലുള്ള ഫ്ലവർ മില്ലിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഉച്ചസമയത്തോടെ ധാന്യങ്ങൾ പൊടിക്കുവാൻ എന്ന വ്യാജേന സ്കൂട്ടറിൽ എത്തിയ രാജൻ ഫ്ലവർ മില്ലിന്റെ അകത്തു ചെന്ന് അവിടെ ഏകയായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയുമായി സംസാരിക്കുകയും ,തുടർന്ന് യുവതിയുടെ മുഖത്ത് അമർത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് പുറത്തേക്ക് ഓടി സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയു മായിരുന്നു.സംഭവം അറിഞ്ഞ ഉടൻ തന്നെ ചാലക്കുടി പോലീസും, ക്രൈം സ്ക്വാഡും ചേർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ചാലക്കുടിയുടെ അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധന കർശനമാക്കി മോഷ്ടാവ് ചാലക്കുടി വിട്ടിട്ടില്ലെന്നുറപ്പാക്കി. യുവതി പറഞ്ഞ അടയാളങ്ങളും ,മോഷ്ടാവ് സഞ്ചരിച്ച വാഹനത്തിൻ്റെ ദൃശ്യങ്ങളും വച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ചാലക്കുടിയിലെ ഒരു ബാറിന്റെ സമീപത്ത് വച്ച് സംശയാസ്പദമായ രീതിയിൽ കണ്ട രാജനെ പിടികൂടി ചോദ്യം ചെയ്തതിലാണ് മാല മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
സ്വർണ്ണമാല ചാലക്കുടിയിലെ സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ചതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്യുവാനും അന്വേഷണസംഘത്തിലും ചാലക്കുടി സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്,ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ് , പി.എം മൂസ, സിൽജോ വി.യു, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ്, ആൻസൻ പൗലോസ് എന്നിവരും ഉണ്ടായിരുന്നു.
വർഷങ്ങൾക്കു മുമ്പ് തമിഴ്നാട് വിരുദാചലത്തു നിന്നും ചാലക്കുടിയിലെത്തിയതാണ് രാജൻ്റെ മാതാപിതാക്കൾ .ഇയാളുടെ ബാല്യകാലം ചിലവഴിച്ചത് ചാലക്കുടിക്കടുത്ത് തെരുവുമക്കളെ സംരക്ഷിക്കുന്ന ജീവകാരുണ്യ സ്ഥാപനത്തിലായിരുന്നു. പ്രായപൂർത്തിയായ ശേഷം അവിടെ നിന്നും പുറത്തിറങ്ങി തിരുനെൽവേലി സ്വദേശിനിയെ വിവാഹം ചെയ്തു കലിക്കൽക്കുന്നിലും മേച്ചിറയിലും മറ്റുമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ഇയാൾ ക്രമേണ ലഹരിക്കടിമപ്പെടുകയായിരുന്നു. മദ്യപിച്ചെത്തി മർദ്ദനവും മറ്റും തുടർച്ചയായതോടെ ഭാര്യയും കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. അടിപിടി അടക്കമുള്ള മറ്റ് മൂന്നു ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.