ഇരിങ്ങാലക്കുട മേഖലയിലെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി; ലോക്സഭാ തെരഞ്ഞെടുപ്പും കരുവന്നൂർ ബാങ്കും നഗരസഭ ഭരണവും ചർച്ചാ വിഷയങ്ങൾ; ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 10 ന് ആരംഭിക്കും…

ഇരിങ്ങാലക്കുട മേഖലയിലെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി; ലോക്സഭാ തെരഞ്ഞെടുപ്പും കരുവന്നൂർ ബാങ്കും നഗരസഭ ഭരണവും ചർച്ചാ വിഷയങ്ങൾ; ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 10 ന് ആരംഭിക്കും.

ഇരിങ്ങാലക്കുട : ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും സംസ്ഥാന ഭരണത്തെ ക്കുറിച്ചുള്ള വിലയിരുത്തലും നഗരസഭയിലെ പ്രതിപക്ഷത്തിൻ്റെ പ്രകടനമടക്കമുള്ള വിഷയങ്ങളിലെ ചർച്ചകളുമായി 24 മത് പാർട്ടി കോൺഗ്രസ്സിൻ്റെ മുന്നോടിയായുള്ള സിപിഎം ഇരിങ്ങാലക്കുട എരിയയിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 2 ന് ആരംഭിച്ച 162 ബ്രാഞ്ച് സമ്മേളനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയായത്. കരുവന്നൂർ ബാങ്കിൻ്റെ കാര്യത്തിൽ ജാഗ്രത പുലർത്താനും കൃത്യസമയത്ത് നടപടികൾ സ്വീകരിക്കാനും നേതൃത്വം പരാജയപ്പെട്ടുവെന്ന വിമർശനം ഉയർന്നപ്പോൾ താളം തെറ്റി നില്ക്കുന്ന നഗരസഭ ഭരണത്തിൻ്റെ വിഷയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രതിപക്ഷമായ എൽഡിഎഫിൻ്റെ ശ്രമങ്ങൾ പോരായെന്നും അഭിപ്രായമുയർന്നു. പാർട്ടി ആവശ്യപ്പെടുന്ന പ്രക്ഷോഭങ്ങളും പ്രചരണ പരിപാടികളും ഏറ്റെടുക്കേണ്ടി വരുന്നത് കൊണ്ട് പ്രാദേശികമായ വിഷയങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ലെന്ന വിമർശനവും വിവിധ യോഗങ്ങളിൽ ഉയർന്നതായാണ് സൂചന. എൺപത് ശതമാനത്തിൽ അധികം ഹാജരോടെയാണ് സമ്മേളനങ്ങൾ പൂർത്തീകരിച്ചത്. ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 10 മുതൽ നവംബർ 4 വരെയായി നടക്കും. 10 ന് മുരിയാടാണ് ആദ്യ ലോക്കൽ സമ്മേളനം. എരിയ സമ്മേളനം നവംബർ 28, 29, 30 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. ജില്ലാ സമ്മേളനം ജനുവരി 4, 5, 6 തീയതികളിലായി കുന്നംകുളത്തും സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്തും നടക്കും.

Please follow and like us: