കരുവന്നൂരിൽ ബൈക്ക് തടഞ്ഞ് നിറുത്തി ഗുണ്ടകളുടെ അക്രമണം; രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു; മൂർക്കനാട്, പുത്തൻതോട് സ്വദേശികളായ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ; ചേലക്കടവിലെ ആളൊഴിഞ്ഞ വീടുകൾ പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു….

കരുവന്നൂരിൽ ബൈക്ക് തടഞ്ഞ് നിറുത്തി ഗുണ്ടകളുടെ അക്രമണം; രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു; മൂർക്കനാട്, പുത്തൻതോട് സ്വദേശികളായ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ; ചേലക്കടവിലെ ആളൊഴിഞ്ഞ വീടുകൾ പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു.

 

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് രണ്ടിൽ കരുവന്നൂർ ബംഗ്ലാവിന് അടുത്ത് ചേലക്കടവിൽ ഗുണ്ടകളുടെ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കണക്ക്കോട്ടം സ്വദേശികളായ പേച്ചേരി വീട്ടിൽ സുധാകരൻ (45) ,പേയിൽ വീട്ടിൽ സലീഷ് (40) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതികളും മൂർക്കനാട്, പുത്തൻതോട് സ്വദേശികളുമായ രണ്ട് പേരെ പോലീസ് ഞായറാഴ്ച പുലർച്ചെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആറ് മാസങ്ങൾക്ക് മുമ്പ് ഇരുകൂട്ടരും തമ്മിൽ വാക് തർക്കം ഉണ്ടായിരുന്നതായി പറയുന്നു. അതേ സമയം ചേലക്കടവ് പ്രദേശം സാമൂഹ്യ വിരുദ്ധരുടെയും മയക്കുമരുന്ന് വില്പനയുടെയും കേന്ദ്രമായി മാറിയതായും വൈകുന്നേരങ്ങളിൽ ഇത് വഴി ആർക്കും സഞ്ചരിക്കാനോ കടവിലേക്ക് പോകാനോ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. ചേലക്കടവിലെ ആളൊഴിഞ്ഞ് കിടക്കുന്ന വീടുകൾ ഇവരുടെ കേന്ദ്രങ്ങളായിട്ട് നാളുകളായെന്നും നാട്ടുകാർ പറയുന്നു. ഈ വീടുകൾ പൊളിച്ച് നീക്കണമെന്ന് നഗരസഭ യോഗത്തിൽ അടക്കം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസിലും കത്ത് നൽകുമെന്ന് കൗൺസിലർ അറിയിച്ചു

Please follow and like us: