ചാവക്കാട് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ധനകാര്യ സ്ഥാപന മേധാവിയായ മാപ്രാണം സ്വദേശി അറസ്റ്റിൽ.
ഇരിങ്ങാലക്കുട : ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മാപ്രാണം സ്വദേശി അറസ്റ്റിൽ. മാപ്രാണം ബ്ലോക്ക് റോഡിൽ സുവർണ്ണൻ (48 വയസ്സ്) നെയാണ് ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്വദേശി സന്ദീപിൻ്റെ ഇരുപത്തിയഞ്ചര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2021 ൽ ചന്തക്കുന്നിൽ പ്രവർത്തിച്ചിരുന്ന എറ്റത്ത് നിധി ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന വേളയിലാണ് സന്ദീപിനെ വഞ്ചിച്ചതെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ ആയിരുന്ന പ്രതി ജാമ്യം എടുക്കാൻ ശ്രമിച്ച് വരികയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിൽ ഉൾപ്പെട്ട കയ്പമംഗലം സ്വദേശിയും രണ്ടാം പ്രതിയുമായ ജുബിൻ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. പട്ടണത്തിലുള്ള ഡോക്ടറുടെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിലും ഇപ്പോൾ അറസ്റ്റിലായ സുന്ദരൻ പ്രതിയാണെന്നും സ്ത്രീയെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.