നിയമനനടപടികൾ സുതാര്യമല്ലെന്ന വിമർശനവുമായി ഭരണസമിതി അംഗങ്ങൾ തന്നെ രംഗത്ത്; കാർഷികഗ്രാമവികസന ബാങ്കിലെ സ്ഥിരം നിയമനങ്ങളുടെ മുന്നോടിയായുള്ള അഭിമുഖങ്ങൾ മാറ്റി വച്ചു.
ഇരിങ്ങാലക്കുട : ഭരണസമിതി അംഗങ്ങളിൽ നിന്ന് തന്നെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലേക്ക് നടത്താനിരുന്ന സ്ഥിര നിയമനങ്ങളുടെ ഭാഗമായുള്ള അഭിമുഖങ്ങൾ മാറ്റി വച്ചു. നിയമനങ്ങൾ സുതാര്യമായിട്ടല്ല നടക്കുന്നതെന്ന് ആരോപിച്ച് നിലവിൽ പന്ത്രണ്ട് അംഗങ്ങളുള്ള ഭരണസമിതിയിലെ ഡിസിസി സെക്രട്ടറി കൂടിയായ കെ ഗോപാലകൃഷണൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസൻ തയ്യാലക്കൽ, മുൻ പഞ്ചായത്ത് മെമ്പർ കെ എൽ ജയ്സൻ എന്നിവർ ബാങ്കിന് മുന്നിൽ കുത്തിയിരിക്കുകയും ഇവർക്ക് പിന്തുണയുമായി പ്രദേശികനേതാക്കളായ പി കെ ഭാസി, ബിബിൻ തുടിയത്ത്, അഡ്വ ശശികുമാർ ഇടപ്പുഴ, സതീഷ് വിമലൻ , ഷെറിൻ തേർ മഠം അടക്കമുള്ളവർ എത്തുകയും ചെയ്തതോടെയാണ് അഭിമുഖം മാറ്റി വച്ചത്. ദീർഘകാലമായി കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ബാങ്ക് ഭരണം നിയന്ത്രിക്കുന്നത്. പ്യൂൺ, ഡ്രൈവർ തസ്തികകളിലെ മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. എറണാകുളത്തുള്ള എജൻസിയുടെ നേതൃത്വത്തിലാണ് എഴുത്തുപരീക്ഷ നടത്തിയത്. നിയമന നടപടികളിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണസമിതിയിലെ നാല് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകിയിട്ടുള്ളതായി കെ എൽ ജയ്സൺ പറഞ്ഞു. എഴുത്തു പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇഷ്ടക്കാരെ തിരുകി കയറ്റാൻ ഭരണസമിതിയും എജൻസിയും ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പരീക്ഷ എഴുതിയ ഉദ്യോഗാർഥി അളഗപ്പനഗർ കോലാട്ട് പറമ്പിൽ മനോജ്കുമാർ സഹകരണ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ തികച്ചും സുതാര്യമായിട്ടാണ് നിയമന നടപടികൾ നടക്കുന്നതെന്നും നിലവിലെ പന്ത്രണ്ട് അംഗ ഭരണസമിതിയിൽ എട്ട് പേർ നടപടികളെ പിന്തുണയ്ക്കുന്നുണ്ടെന്നും അഭിപ്രായ വ്യത്യാസം ഭരണ സമിതി അംഗങ്ങൾ തന്നെ ഉയർത്തിയ സാഹചര്യത്തിൽ താത്കാലികമായി മാത്രമാണ് അഭിമുഖം മാറ്റിവയ്ക്കുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് തിലകൻ പൊയ്യാറ, ഡിസിസി സെക്രട്ടറി കൂടിയായ ഭരണ സമിതി അംഗം കെ കെ ശോഭനൻ എന്നിവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭരണ സമിതിയുമായി കൂടിയാലോചിച്ച് പുതിയ തീയതി തീരുമാനിക്കുമെന്നും ഇവർ അറിയിച്ചു. അതേ സമയം വിഷയം ഡിസിസി നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടുണ്ടെന്നും നീതിപൂർവമായ തീരുമാനം ഉണ്ടായില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭരണ സമിതിയിൽ നിന്നും രാജി വയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രതിഷേധശബ്ദം ഉയർത്തിയ പ്രിൻസൻ തയ്യാലക്കൽ അറിയിച്ചു. പന്ത്രണ്ട് അംഗ ഭരണസമിതിയിൽ വൈസ് – പ്രസിഡണ്ട് രജനി സുധാകരൻ, എ സി സുരേഷ്, ഇ വി മാത്യു,ഹരിദാസ് കുറ്റിപറമ്പിൽ, എം കെ കോരൻ മാസ്റ്റർ, ഇന്ദിര ഭാസി എന്നിവർ പ്രസിഡണ്ട് തിലകൻ പൊയ്യാറ, മെമ്പർ കെ കെ ശോഭനൻ എന്നിവർക്കൊപ്പമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഭരണസമിതി ചുമതലയേറ്റത്. ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രസിഡണ്ട് ഐ കെ ശിവജ്ഞാനം ഈ വർഷം ജനുവരിയിൽ രാജി വയ്ക്കുകയും ചെയ്തു. പ്രതിഷേധമുയർത്തിയവരിൽ ഭൂരിപക്ഷവും കോൺഗ്രസ്സിലെ ഐ വിഭാഗക്കാരാണ്. അതേ സമയം ഐ വിഭാഗക്കാരനായി അറിയപ്പെടുന്ന കെ കെ ശോഭനൻ വിഷയത്തിൽ ബാങ്ക് ഭരണസമിതിയുടെ നടപടികൾക്ക് പിന്തുണ നൽകുന്ന നിലപാടിലാണ് .