നവരാത്രി ആഘോഷം; ദൈവീക ഭാവം ചൊരിയുന്ന വൈവിധ്യമാർന്ന ബൊമ്മകൾ കൊണ്ട് ബൊമ്മക്കൊലു ഒരുക്കി ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മഹാമാരിയമ്മൻ ക്ഷേത്രം
ഇരിങ്ങാലക്കുട :ദൈവീക ഭാവം ചൊരിയുന്ന വൈവിധ്യമാർന്ന ബൊമ്മകൾ കൊണ്ട് ബൊമ്മക്കൊലു ഒരുക്കി ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വിശ്വകുല ശ്രീ മഹാമാരിയമ്മൻ ക്ഷേത്രം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേവീദേവൻമാരുടെ ബൊമ്മകൾ അണി നിരത്തി നടത്തുന്ന ആചാരമാണ് ബൊമ്മക്കൊലു. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മക്കൊലുവിൽ അധികവും ചിത്രീകരിക്കുന്നത്. മഹിഷാസുരനെ വധിക്കുന്നതിനായി ദേവിയുടെ ശക്തമായ ഒമ്പത് ഭാവങ്ങൾ രൂപം കൊണ്ടതാണ് നവരാത്രി എന്നാണ് ഐതിഹ്യം. ഒൻപത് ദിവസങ്ങളിലായി ദേവിയുടെ ഓരോ ഭാവങ്ങളെയും പൂജിക്കുന്നതിനാണ് ബൊമ്മക്കൊലു ഒരുക്കുന്നതെന്ന് ക്ഷേത്രം തന്ത്രി വേണു ആചാരി പറയുന്നു.കഴിഞ്ഞ 22 വർഷങ്ങളായി മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ വൈകീട്ട് 7 മുതൽ 8 വരെ ബൊമ്മക്കൊലു പൂജകൾ നടന്നു വരുന്നുണ്ട്. ഒൻപത് തട്ടുകളിലായിട്ടാണ് തുണികളിൽ ബൊമ്മകൾ ഒരുക്കിയിരിക്കുന്നത്. ദേവീദേവൻമാരും ത്രിമൂർത്തികളും ദശാവതാരവും കൃഷ്ണ ലീലകളും തിരുപ്പതിയിലെ ഗരുഡ സേവയും ശ്രീബുദ്ധനും വിവേകാനന്ദനും മദർ തെരേസയുമെല്ലാം കളിമണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലുമായി തീർത്ത ബൊമ്മകളിൽ കാഴ്ചയുടെ വസന്തം ഒരുക്കി ഇടം പിടിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ ശ്രമങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ക്ഷേത്രം അധികൃതർ പറയുന്നു. ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ സംഗീതാർച്ചനയും തിരുവാതിരക്കളിയുമടക്കമുള്ള കലാപരിപാടികളും നടക്കാറുണ്ട്.