” ഗ്രാഫ് സിദ്ധാന്തവും പ്രായോഗികതലങ്ങളും ” ; അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെയും കേരള മാത്തമറ്റിക്കൽ അസോസിയേഷന്റെയും സഹകരണത്തോടെ, ‘ഗ്രാഫ് തിയറി ആൻഡ് ഇറ്റ്സ് ആപ്ലിക്കേഷൻ‘ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശിയ സമ്മേളനത്തിന് തുടക്കമായി. കേരള ഗണിതശാസ്ത്ര അസോസിയേഷൻ പ്രസിഡൻ്റും കുസാറ്റിൽ മുൻ അധ്യാപകനുമായ പ്രൊഫ. ഡോ.എ. കൃഷ്ണമൂർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷനായിരുന്നു. കൊച്ചിൻ ആർ.എസ്.ഇ.ടി.യിൽ നിന്നുള്ള ഡോ. പി.ബി. വിനോദ്കുമാർ, ക്രൈസ്റ്റ് കോളേജിലെ ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ. ഷിൻ്റോ കെ.ജി., ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. സുദേവ് എൻ.കെ എന്നിവർ പ്രസംഗിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവിയും ഐ.സി.ജി.ടി.എ -2024 കൺവീനറുമായ ഡോ. സീന വി സ്വാഗതവും ഗണിത ശാസ്ത്ര വിഭാഗം കോഓർഡിനേറ്റർ ഡോ. ജോജു കെ. ടി നന്ദിയും പറഞ്ഞു. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനും ഗ്രാഫ് തിയറി ഗവേഷണത്തിന് വളരെ സഹായകമായ ‘ഇൻട്രൊഡക്ഷൻ ടു ഗ്രാഫ് തിയറി‘ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ഡി.ബി. വെസ്റ്റ് , ‘ലൈൻ ഗ്രാഫ്സ് ആൻഡ് ലൈൻ ഡയഗ്രാഫ്‘ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ജയ്. ബഗ്ഗാ, ദക്ഷിണാഫ്രിക്കയിലെ വിറ്റ്സ് വിത് വാട്ടർസ്റാൻഡ് യൂണിവേഴ്സിറ്റി യിലെ പ്രൊഫസർ യൂനിസ് എംഫകോ -ബന്ദ , ബാംഗ്ലൂർ ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സുദേവ് എൻ.കെ, ഉത്തർപ്രദേശിലെ ശിവനാടാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനെൻസിലെ ഡോ. സത്യനാരായണ റെഡ്ഢി കൊൽക്കത്ത വിദ്യാസാഗർ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മധുമഗൾപാൽ, കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ ഷാഹുൽ ഹമീദ്, എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പാൾ ജി.ഇന്ദുലാൽ, കോഴിക്കോട് എൻ.ഐ.ടി യിലെ അസ്സോസിയേറ്റ് പ്രൊഫസർ ആയ സുനിൽ മാത്യു, യു എ ഇ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. അയ്മാൻ ബഡാവി എന്നിവർ സമ്മേളനത്തിൽ പ്രഭാഷണങ്ങൾ നടത്തും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഒക്ടോബർ അഞ്ചിന് സമാപിക്കും.